രാജ്യസഭാ തെരഞ്ഞെടുപ്പിന്ന്: രാഷ്‌ട്രീയ നെറികേടിന് ജനങ്ങൾ മറുപടി ചോദിക്കും

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. നിയമസഭാമന്ദിരത്തിൽ സജ്ജമാക്കിയ പ്രത്യേക ഹാളിൽ രാവിലെ ഒൻപതിനു വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. യുഡിഎഫിനു വേണ്ടി കെപിസിസി മുൻ വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരനാണു മത്സരിക്കുന്നത്. എൽഡിഎഫിനു വേണ്ടി കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ജോസ് കെ. മാണിക്കാണു വിജയസാധ്യത.

Dr. Sooranadu Rajasekharan


രാഷ്‌ട്രീയ നഷ്ടം സഹിച്ചും ഘടക കക്ഷികളെ ഒപ്പം നിർത്തിയുള്ള ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ സഹിഷ്ണുതയെ ചവിട്ടിമെതിച്ച കേരള കോൺ​ഗ്രസ് ജോസ് കെ മാണി പക്ഷത്തിന് താൽക്കാലിക വിജയം കിട്ടിയേക്കാം. എന്നാൽ അവരെ കാത്തിരിക്കുന്നത് രാഷ്‌ട്രീയ വഞ്ചനയ്ക്കുള്ള കടുത്ത മറുപടി തന്നെയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ നൽകിയ പ്രഹരം തന്നെയാകും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ജോസ് കെ മാണിയെ കാത്തിരിക്കുന്നത്. അത്ര കൊടിയ വഞ്ചനയാണ് ജോസ് കോൺ​ഗ്രസിനോടും യുഡിഎഫിനോടും ചെയ്തത്.
2004 മുതൽ മൂന്നു തവണ ജോസ് കെ. മാണിക്ക് യുഡിഎഫ് ലോക്സഭാ സീറ്റ് നൽകി. സ്വന്തം പാർട്ടിയിൽ നിന്നുപോലും ജോസിന്റെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ എതിർപ്പുണ്ടായപ്പോൾ, കെ.എം. മാണിയുടെ ആവശ്യപ്രകാരമാണ് യുഡിഎഫ് ജോസിനു സീറ്റ് നൽകിയത്. 2004ലെ ലോക്സാഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്നു ജനവിധി തേടിയ ജോസ് കെ മാണി പരാജിതനായി. പാലായിൽ സ്വന്തം വീടു നിൽക്കുന്ന വാർഡിൽപ്പോലും ജോസ് പിന്നിലായത്, ജോസിനോടുള്ള ജനവികാരം വ്യക്തമാക്കുന്നു. എന്നാൽ, പിന്നീടുള്ള അവസരത്തിൽ യുഡിഎഫുമായി ഏറെ യോജിച്ച് പ്രവർത്തിച്ച ജോസിന് 2009ലും 2014ലും യുഡിഎഫ് വിജയം സമ്മാനിച്ചു. അതിന്റെ നന്ദി പക്ഷേ, ജോസ് യുഡിഎഫിനോടും അതിന്റെ പ്രവർത്തകരോടും കാണിച്ചില്ലെന്നതു പിന്നീടുള്ള ചരിത്രം.
യുഡിഎഫിന്റെ സ്ഥാപിത നേതാക്കളിൽ പ്രമുഖനും മുതിർന്ന നേതാവുമായ കെ.എം. മാണിയോടു യുഡിഎഫ് പൊതുവിലും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പ്രത്യേകിച്ചും വിട്ടുവീഴ്ചയോടുള്ള മനോഭാവമാണു പുലർത്തിയിരുന്നത്. അതുകൊണ്ടാണ് ഒരു ഘട്ടത്തിൽ യുഡിഎഫുമായി ഇടഞ്ഞ് എൽഡിഎഫിലും ബിജെപി സഖ്യത്തിലും ചേക്കേറാൻ ഊഴം കാത്തു നടന്ന മാണിയെ തിരികെ മുന്നണിയിലെത്തിക്കാൻ കോൺ​ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സഹിച്ചത്. 2018ൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് എല്ലാ അർഥത്തിലും കോൺ​ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. ഒരു ആയുഷ്കാലം മുഴുവൻ പാർട്ടിക്കും മുന്നണിക്കും വേണ്ടി പ്രർത്തിച്ചിട്ടുള്ല ഒരു ഡസൺ നേതാക്കളെയെങ്കിലും പിന്തള്ളി കോൺ​ഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസിനു നൽകി. അറിഞ്ഞുകൊണ്ടുള്ള കയ്പ്നീരാണ് അന്നു കോൺ​ഗ്രസ് കുടിച്ചത്. പക്ഷേ, മുന്നണി മര്യാദ പാലിക്കാൻ അതു വേണ്ടി വന്നു.
വിലയേറിയ ഈ രാജ്യസഭാ സീറ്റിന്റെ ആനുകൂല്യം പറ്റിക്കൊണ്ടാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്കു പോയത്. ലക്ഷക്കണക്കായ യുഡിഎഫ് പ്രവർത്തകരെയും സ്വന്തം പിതാവിന്റെ ആത്മാവിനെയും പണയപ്പെടുത്തിക്കൊണ്ട്. യുഡിഎഫിനും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിനും ദേശീയ തലത്തിൽ ഏറെ വിലപ്പെട്ട ഒരു രാജ്യസഭാ സീറ്റ് സിപിഎം പാളയത്തിലെത്തിച്ചതിന്റെ തീരാശാപം ജോസിനെ വേട്ടയാടുക തന്നെ ചെയ്യും. ഇന്നും ഇനിയെന്നും.
സഭയിൽ 99 പ്രതിനിധികളാണ് എൽ ഡി എഫിന് ഉള്ളത്. സിപിഎമ്മിലെ മുൻ മന്ത്രി ടി പി രാമകൃഷ്ണനും പി മമ്മിക്കുട്ടിയും കൊവിഡ് ബാധിതരായി ചികിൽസയിലാണ്. യുഡിഎഫിന്റെ 41 അം​ഗങ്ങളിൽ പി ടി തോമസും ചികിൽസയിലാണ്. അദ്ദേഹവും വോട്ടെടുപ്പിൽ പങ്കെടുക്കുന്ന കാര്യം ഉറപ്പില്ല. നിയമസഭ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായരാണ് വരണാധികാരി. വിജയിക്ക് 2024 ജൂലൈ ഒന്ന് വരെ കാലാവധിയുണ്ട്.
കൊല്ലം ജില്ലയിൽ ശൂരനാട് സ്വദേശിയായ ഡോ. ശൂരനാട് രാജശേഖരൻ കെഎസ്‌യുവിലൂടെയാണ് പൊതുരം​ഗത്തെത്തിയത്. ശാസ്താംകോട്ട ഡിബി കോളെജ് യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ അദ്ദേഹം പടിപടിയായി ഉയർന്ന് കൊല്ലം ഡിസിസി പ്രസിഡന്റ, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിലെത്തി. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിലും തിളങ്ങി. നിരവധി ട്രേഡ് യൂണിയനുകളുടെയും അമരത്തുണ്ട്.

Related posts

Leave a Comment