രാജ്യസഭ നിര്‍ത്തിവച്ചു, ജുഡീഷ്യല്‍ അന്വേഷണം കൂടിയേ തീരൂഃരാഹുല്‍

ന്യൂഡല്‍ഹി: പെഗാസസ് ഇടപാടില്‍ സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം ആഞ്ഞടിച്ചു. രാജ്യത്തെയും പൗരന്മാരെയും വിദേശ ചാരക്കമ്പനികള്‍ക്ക് ഒറ്റിക്കൊടുത്ത ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യതയുടെ പ്രശ്നമല്ല. രാജ്യത്തിന്‍റെയും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെയും പ്രശ്നമാണെന്ന് രോഹുല്‍ ഗാന്ധി.

പെഗാസസ് ഒരു ആയുധമാണെന്നാണ് അതിന്‍റെ നിര്‍മാതാക്കളായ ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഭീകരതയ്ക്കെതിരായ ആയുധം. എന്നാല്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അതുപയോഗിക്കുന്നത് രാജ്യത്തിനും അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും എതിരേയാണ്. സ്പപ്രീംകോടതിയിലെ വിവരങ്ങള്‍ വരെ ചോര്‍ത്തപ്പെട്ടു. എന്‍റെ ഫോണും ചോര്‍ത്തി. ഞാനൊരു സാധാരണ പൊതു പ്രവര്‍ത്തകനാണ്. എനിക്കൊന്നും ഒളിച്ചു വയ്ക്കാനില്ല. അതുകൊണ്ട് എന്‍റെ ഫോണ്‍ ചോര്‍ത്തിയതിനെതിരേയല്ല എനിക്കു പ്രതിഷേധിക്കാനുള്ളത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തിന്‍റെ സ്വകാര്യതയാണ് തകര്‍ക്കപ്പെട്ടത്. അത് അനുവദിക്കാനാവില്ല. പൗരന്‍റെ സ്വകാര്യത വെല്ലുവിളിക്കപ്പട്ട സാഹചര്യം സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. അതാണ് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്നു രാവിലെ സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റു. മു‌ദ്രാവാക്യങ്ങളുമായി സഭ പ്രക്ഷുബ്ധമാക്കി. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്കു പന്ത്രണ്ട് മണി വരെ സഭ നിര്‍ത്തിവയ്ക്കുന്നതായി രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്.

Related posts

Leave a Comment