തിരുവനന്തപുരം: അമ്പലമുക്ക് കൊലക്കേസ് പ്രതി ആരുവായ്മൊഴി സ്വദേശി രാജേന്ദ്രൻ കൊടുംകുറ്റവാളിയെന്നു കേരള പൊലീസ്. സ്വർണക്കവർച്ച സ്ഥിരമാക്കിയ ഇയാൾ ഇതിനു മുൻപ് നാലു പേരെ കൂടി വധിച്ചതായി പൊലീസിനു വിവരം ലഭിച്ചു. ഒരു കേസിലും പിടിയിലായിട്ടില്ല. ഇതാണ് തലസ്ഥാനത്തും കുറ്റകൃത്യത്തിനു ധൈര്യം പകർന്നത്.
അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്. 2014 ൽ ഒരു കുടുംബത്തിലെ മൂന്നുപേരെ രാജേന്ദ്രൻ കൊന്നു. കസ്റ്റംസ് ഓഫീസറെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഇദ്ദേഹത്തിൻറെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. പിന്നാലെ മറ്റൊരാളേയും കൊന്നു. മോഷണത്തിൻറെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം. അമ്പലമുക്ക് കൊലപാതക കേസിൽ ഇന്നലെയാണ് രാജേന്ദ്രനെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്.
വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവൻറെ സ്വർണമാല പൊലീസ് കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെത്തിയത്. രാജേന്ദ്രൻ തന്നെയാണ് സ്വന്തം തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സ്വർണം പണയം വച്ചതെന്ന് സ്ഥാപന ഉടമ.