രാജീവ് സ്മരണയിൽ രാജ്യം ; ഇന്ത്യയുടെ ധീരനായകന് അശ്രുപൂജ

സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഫിറോസ് ഗാന്ധിയുടെയും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും മകനായി 1944 ഓഗസ്റ്റ് 20നാണ് രാജീവ് ഗാന്ധി ജനിച്ചത്. സ്കൂള്‍ പഠനത്തിനു ശേഷം ബ്രിട്ടനിലെത്തി ഉന്നത വിദ്യാഭ്യാസം നേടി. 1966 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പ്രൊഫഷണല്‍ പൈലറ്റായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടക്കത്തില്‍ പൊതുരംഗത്തു നിന്നു മാറിനിന്ന രാജീവ്, രാജ്യാന്തര തലത്തില്‍ മികവാര്‍ന്ന വൈമാനികനായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1980 ല്‍ ഏക സഹോദരന്‍ സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ, ഇന്ദിരാഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേക താത്പര്യമെടുത്താണ് രാഷ്‌ട്രീയത്തില്‍ സജീവമാക്കിയത്.

1981 ല്‍ അമേത്തിയില്‍ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാജീവ് എഐസിസി ജനറല്‍ സെക്രട്ടറിമായി. 1982 ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ ഗെയിസിന്‍റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു വിജയിപ്പിച്ചതിലൂടെ മികച്ച സംഘാടകനും ഭരണകര്‍ത്താവുമാണെന്നു തെളിയിച്ചു. 1984 ഒക്റ്റോബര്‍ 31ന് ഇന്ദിരാ ഗാന്ധി വധിക്കെപ്പെട്ടതിനെത്തുടര്‍ന്ന് നാല്പതാമത്തെ വയസില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിപദത്തിലെത്തി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് രാജീവ്.

1984 മുതല്‍ 89 വരെ അദ്ദേഹം നടപ്പാക്കിയ ഐടി നയങ്ങളാണ് ഇന്നത്തെ ഇന്ത്യയുടെ കുതിപ്പിനു കാരണമായത്. വിവര സാങ്കേതിക രംഗത്തെ പുത്യ ആശയങ്ങളെല്ലാം രാജീവ് നടപ്പാക്കിയതാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിന്‍റെ പ്രണേതാവാണ് രാജീവ്. 1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപതൂരില്‍ തമിഴ് പുലികളുടെ ചാവേറുകളൊരുക്കിയ ചതിക്കുഴിയില്‍ വീണ് രാജീവ് വീരചരമം പ്രാപിച്ചിരുന്നില്ലെങ്കില്‍, ആധുനിക ഭാരതത്തിന്‍റെ മുഖശ്രീ ഇന്നത്തേതിലും കൂടുതല്‍ തിളങ്ങുമായിരുന്നു. വര്‍ഗീയ ഫാസിസത്തിലേക്ക് ഇന്ത്യ വഴുതുമായിരുന്നില്ല എന്നും കരുതുന്നവരുണ്ട്.

പ്രിയ നേതാവിന് കോടാനു കോടി ഇന്ത്യന്‍ ജനതയുടെ സ്നേഹപ്രണാമം!

Related posts

Leave a Comment