മോദിയുടെ രാജീവ് നിന്ദ ക്രൂരം ; ധ്യാന്‍ചന്ദ് ജീവിച്ചിരുന്നുവെങ്കില്‍ തന്റെ വിലാസത്തിലുള്ള രാഷ്ട്രീയക്കളി അനുവദിക്കില്ലായിരുന്നു

രാജ്യത്തിനുവേണ്ടി കളിസ്ഥലങ്ങളില്‍ കഠിനാധ്വാനത്തോടെ സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് കായികതാരങ്ങളുടേത്. ഏതുനിമിഷവും എതിരാളികളുടെ വെടിയുണ്ട പ്രതിരോധങ്ങളെ തകര്‍ത്ത് ശരീരത്തില്‍ പതിക്കുമെന്നുറപ്പുള്ള സൈനിക ജീവിതത്തിന് തൊട്ടുതാഴെ നില്‍ക്കുന്നതാണ് കായികതാരങ്ങളുടെ ജീവിതം. ജനിച്ച നാടിനുവേണ്ടിയുള്ള സൈനികരുടെയും കായികതാരങ്ങളുടെയും സമര്‍പ്പിത ജീവിതത്തിന് നല്‍കുന്ന പുരസ്‌കാരങ്ങള്‍ മഹത്വമുള്ളതാണ്. അതില്‍ ഹീനമായ രാഷ്ട്രീയ പക കലര്‍ത്തുന്ന ഭരണാധികാരികള്‍ ഇടുങ്ങിയ മനസിന്റെ ഉടമകളാണ്. രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരത്‌രത്‌ന പുരസ്‌കാരത്തിന് തുല്യമാണ് കായിക പ്രതിഭകള്‍ക്ക് സമ്മാനിക്കുന്ന രാജീവ്ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്. മൂന്നുപതിറ്റാണ്ടുകളായി യാതൊരു വിവാദങ്ങളും ബഹളങ്ങളുമില്ലാതെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ഈ പുരസ്‌കാരം നല്‍കിപോന്നത്. ചെസ് ഇതിഹാസമായ വിശ്വനാഥ് ആനന്ദിനായിരുന്നു പ്രഥമ രാജീവ്ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചത്. മൂന്നുപതിറ്റാണ്ടുകള്‍ യാതൊരു ഭിന്നതയുമില്ലാതെ നല്‍കിപോന്ന ഈ പുരസ്‌കാരത്തിന്മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈവെച്ചിരിക്കുന്നു. മനസില്‍ പൊറ്റകെട്ടിയ വ്രണങ്ങള്‍ സൂക്ഷിക്കുന്ന ഹീനന്‍മാര്‍ക്ക് മാത്രമേ ഇത്തരമൊരു ദുഷ്‌കൃത്യം സാധ്യമാവുകയുള്ളൂ. രാജീവ്ഗാന്ധിയുടെ നാമം പൊളിച്ചുമാറ്റി ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മേജര്‍ ധ്യാന്‍ചന്ദിന്റെ നാമമാണ് പകരം നല്‍കിയത്. ധ്യാന്‍ചന്ദ് ജീവിച്ചിരുന്നുവെങ്കില്‍ തന്റെ വിലാസത്തിലുള്ള രാഷ്ട്രീയക്കളി അനുവദിക്കില്ലായിരുന്നു. ഇന്ത്യന്‍ ഹോക്കിക്ക് കേരളത്തിന്റെ സംഭാവനയായ പി.ആര്‍.ശ്രീജേഷ് ആവശ്യപ്പെട്ടതുപോലെ ധ്യാന്‍ചന്ദിന് നല്‍കേണ്ടിയിരുന്നത് ഭാരതരത്‌ന പുരസ്‌കാരമായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവാര്‍ഡിന്റെ പേര് മാറ്റിയതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും നെഹ്‌റു കുടുംബം നല്‍കിയ അനുപമമായ സംഭാവനകളെ തമസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ മോദി അധികാരത്തില്‍ വന്ന ഉടനെതന്നെ ആരംഭിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍, മന്ദിരങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ചത്വരങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയ നിരവധി സ്മാരകങ്ങളില്‍ നിന്നും മഹാരഥന്മാരായ ഈ നേതാക്കളുടെ പേരുകള്‍ നീക്കം ചെയ്തു തുടങ്ങി. 17 വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി എന്ന നിലയില്‍ വസിച്ചിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ നിന്ന് നെഹ്‌റുവിന്റെ സ്മരണകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സംഘ്പരിവാറിന്റെ വിചാരകേന്ദ്രങ്ങളാണ്. മോദിയും അമിത്ഷായും അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഇന്ദിരാഗാന്ധി സ്ഥാപിച്ച ജെഎന്‍യുവിന്റെയും ഡല്‍ഹി എയിംസിന്റെയും പേരുകള്‍ നീക്കം ചെയ്യാനും അജണ്ടകള്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രപിതാവ് എന്ന് ജനകോടികള്‍ ആദരിക്കുന്ന ഗാന്ധിജിയെ മാറ്റിയും അല്ലാതെയും രാജ്യത്തിന്റെ പിതൃസ്ഥാനം സവര്‍ക്കര്‍ക്ക് നല്‍കാനുള്ള സ്വയംഭൂവെന്ന് തോന്നിക്കുന്ന കൃത്യങ്ങള്‍ സംഘ്പരിവാറിന്റെ അടുക്കളയില്‍ വേവുകയാണ്. ഇത്രയും മാത്രമല്ല ഇതിലേറെ കാര്യങ്ങള്‍ നടത്താനുള്ള ഭരണപരമായ നടപടികള്‍ക്ക് വേഗത വര്‍ദ്ധിക്കും. ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയും ദേശീയഗാനത്തിന് പകരം ഋണഗീതവും സ്വീകരിക്കുന്ന നാളുകള്‍ വിദൂരമല്ല. സര്‍ദാര്‍ പട്ടേലിനെ ആദരിച്ച രീതിയിലാണ് മോദി ഇപ്പോള്‍ ധ്യാന്‍ചന്ദിനെ ആദരിക്കുന്നത്. മൂവായിരം കോടിയോളം രൂപ ചെലവഴിച്ച് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുകയും അതിന് പിന്നാലെ അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്റെ പേരുമാറ്റി ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ പേരില്‍ സ്മാരകമുണ്ടാക്കിയ അല്‍പ്പത്തത്തിന്റെ പര്യായമാണ് നരേന്ദ്രമോദി. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവിന്റെയും നാമങ്ങള്‍ തിരസ്‌കരിച്ച് അവിടെയൊക്കെ സംഘ്പരിവാര്‍ നാമങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന ചരിത്രഹത്യയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. കളിക്കളങ്ങളിലും രാജ്യാതിര്‍ത്തികളിലും രാഷ്ട്രീയക്കളി ഒരു രാജ്യത്തിനും നല്ലതല്ല.

Related posts

Leave a Comment