അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിന് ഭീഷണിയില്ല

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം ഇന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു ‘ജവാദ്’ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കും. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നും അറിയിപ്പുണ്ട്. അറബിക്കടലിലെ ന്യുനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം, കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

ഇന്ന് മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. എന്നാൽ, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഗ്രീന്‍ അലര്‍ട്ട് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള ഗതാഗത വിലക്കും പിന്‍വലിച്ചതായി അറിയിപ്പില്‍ പറയുന്നു.

Related posts

Leave a Comment