ചൊവ്വാഴ്ച വരെ ഇടിമിന്നൽ മഴ; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. തമിഴ്നാടിന്റെ തെക്കേയറ്റമായ കോമേരിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുന്ന ഈ പശ്ചാത്തലത്തിൽ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ അന്നേദിവസം യെല്ലോ അലർട്ടാണ്. 26-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നവംബർ നാലുവരെ പതിവിലും കൂടുതൽ മഴ പെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്. ഈമാസം 28വരെ കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങൾ ഒഴികെയുള്ള മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. നവംബർ ആദ്യവാരത്തിൽ വയനാട് ജില്ലയിലൊട്ടാകെയും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ മഴയുടെയും കാറ്റിന്റെയും മുന്നറിയിപ്പ് വന്നതിന് പിന്നാലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6  മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ  64.5 മുതൽ 115 മില്ലീമീറ്റർ വരെ മഴ പ്രതീക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Related posts

Leave a Comment