മഴക്കെടുതിയിൽ നാലു മരണം, മൂന്ന് ജില്ലകളിൽ റെ‍ഡ് അലർട്ട്, എംജി പരീക്ഷകൾ മാറ്റി, ബംഗാൾ ഉൾക്കടലിൽ ഭൂചലനം

സ്വന്തം ലേഖകർ

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പെടയങ്കോട് സ്വദേശി സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ മഴക്കെടുതിയിൽഇന്നു മരിച്ചവരുടെ എണ്ണം നാലായി. മഴ ശക്തമായ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ എട്ട് ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്. പാലക്കാടും, മലപ്പറത്തും, വയനാടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്കേർപ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ജില്ലയിൽ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്.
മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു.
പുതുക്കിയ തീയതി പിന്നീട്. അതിനിടെ ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം മ്യാൻമാർ തീരത്താണ്.

Related posts

Leave a Comment