കെ- റെയിൽ: റയിൽവെ ബോർഡ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നു: സതീശൻ

  • റെയിൽവേ ബോർഡ് ഉന്നയിച്ചത് കേരളത്തിലെ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ

തിരുവനന്തപുരം: ഡിസംബർ ആറിന് നടന്ന ചർച്ചയിൽ കെ.റെയിൽ അധികൃതരോട് റെയിൽവേ ബോർഡ് പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾ കേരളത്തിലെ പ്രതിപക്ഷം ഉന്നയിക്കുന്ന അതേ ചോദ്യങ്ങളായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി ചെലവ് 64000 കോടി എന്നത് യഥാർഥ്യ ബോധ്യമില്ലാത്ത കണക്കാണെന്നാണ് റെയിൽവേ ബോർഡും പറഞ്ഞത്. 2018-ൽ ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടിയാകുമെന്നും 2021- ൽ ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകുമെന്നുമാണ് നീതി ആയോഗ് പറഞ്ഞിരിക്കുന്നത്. അതായത് പദ്ധതി പൂർത്തിയാകുമ്പോൾ രണ്ടു ലക്ഷം കോടിക്ക് മുകളിലാകും. എന്നാൽ സർക്കാരിന്റെ പക്കൽ ഇതു സംബന്ധിച്ച യാതൊരു കണക്കുമില്ല. സർവെയോ സാധ്യതാ പഠനമോ എസ്റ്റിമേറ്റോ ഇല്ലാതെയാണ് 64000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കമെന്നു സർക്കാർ പറയുന്നത്.

സിൽവർ ലൈൻ കടന്നു പോകുന്ന 292 കിലോ മീറ്റർ ദൂരം പ്രളയ നിരപ്പിനേക്കാൾ ഒരു മീറ്റർ മുതൽ ഒൻപത് മീറ്റർ വരെ ഉയരത്തിൽ 30 മുതൽ 50 അടി ഉയരത്തിലാണ് എംബാങ്ക്‌മെന്റ് സ്ഥാപിക്കുന്നത്. ബാക്കി സ്ഥലത്ത് ഇരുവശവും മതിൽ കെട്ടിയുയർത്തും. ഇത് പാരിസ്ഥിതികമായ പ്രതിസന്ധിയുണ്ടാക്കും. ഇതിനായി എത്ര ടൺ കല്ലും മണലും വേണമെന്നത് സംബന്ധിച്ച കണക്ക് പോലും സർക്കാരിന്റെ പക്കലില്ല. സിൽവർ ലൈൻ നിർമ്മാണത്തിന് ആവശ്യമായി പ്രകൃതി വിഭവങ്ങൾ മുഴുവൻ മധ്യകേരളത്തിൽ നിന്നും ലഭ്യമാകുമെന്നാണ് പറയുന്നത്. ഇത് ഒരു തരത്തിലുള്ള ശാസ്ത്രീയ പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള കണക്കല്ല. ഡാറ്റാ തിരിമറി നടത്തി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

കോവിഡ് മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ നടന്ന 1600 കോടി രൂപയുടെ കൊള്ളയെ കുറിച്ചോ കെ- റെയിലിനെ കുറിച്ചോ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. ഇപ്പോൾ ഒന്നിനെ കുറിച്ചും സംസാരിക്കില്ല. നിയമസഭയിലോ രാഷ്ട്രീയ പാർട്ടികളോടോ മാധ്യമങ്ങളോടോ സംസാരിക്കില്ല. സമ്പന്നൻമാരോടും പൗരപ്രമുഖരോടും മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മൗനം അവസാനിപ്പിച്ച പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറാകണം. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷവും ജനങ്ങളും മാധ്യമങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഉത്തരം പറയാതെ ഒളിച്ചോടുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടേത്. ഇത് അനുവദിക്കില്ല. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment