റെയ്ഡ് പ്രചാരണം തെറ്റ് : കെ.സുധാകരൻ എംപി

തിരുവനന്തപുരംഃ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നും അത് പരിശോധിക്കാൻ താൻ ആളെ വിട്ടെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മാധ്യമപ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പരിശോധന നടത്താൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണിത്. പുനഃസംഘടന നടക്കുന്നതിനാൽ പലനേതാക്കളും വന്ന് കാണാറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാൻ പോയവർ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകും. ഇത്തരം ഒരു വിവാദം ഉണ്ടായപ്പോൾ വിഡി സതീശൻ തന്നെ വിളിക്കുകയും ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തതിട്ടുണ്ട്. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവർത്തനവും ഭൂഷണമല്ല. ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ല. ആഭ്യന്തരജനാധിപത്യം പൂർണ്ണമായും ഉറപ്പുനൽകുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആക്ഷേപം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ ധരിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. തികഞ്ഞ ഐക്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതിൽ വിള്ളലുണ്ടാക്കാൻ ആരുശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment