വയനാടിന്റെ കാര്‍ഷികവിളകളെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ ‘കലണ്ടര്‍’

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ കാർഷികവിളകളെ പരിചയപ്പെടുത്തിയും, വിളകളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയും രാഹുൽഗാന്ധി എം പിയുടെ കലണ്ടർ. കഴിഞ്ഞ വർഷം മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയായിരുന്നു കലണ്ടർ പുറത്തിറക്കിയതെങ്കിൽ ഇത്തവണ നമ്മുടെ നാട്, നമ്മുടെ വിള എന്ന ആശയത്തിലൂന്നിയാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരോ വിളയിലും വയനാടൻ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നുവെന്നും, ഈ കലണ്ടറിലെ വിളകളുടെ ചിത്രങ്ങൾ വയനാടൻ ജനതക്കുള്ള സമർപ്പണമാണെന്നും രാഹുൽഗാന്ധി ഒന്നാംപേജിൽ തന്നെ കുറിച്ചിട്ടിട്ടുണ്ട്.

വയനാടൻ തനിമയുടെ എല്ലാ സൗന്ദര്യവും ഒപ്പിയെടുക്കുന്ന ഈ കലണ്ടറിലെ ഉല്പന്നങ്ങൾ ഒരു ആഗോള വിപണി അർഹിക്കുന്നതാണ്. സുഗന്ധത്തിന് പേരു കേട്ട ഗന്ധകശാല അരി, വയനാടൻ റോബസ്റ്റ കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവയെല്ലാം ലോകമാകെയുള്ള പ്രധാന ചില്ലറ വ്യാപാരികളുടെ ഷെൽഫുകളിൽ ഇടം പിടിക്കേണ്ടതുണ്ട്. ‘നമ്മുടെ വയനാട്’ എന്ന ബ്രാന്റിന്റെ മഹിമ നമ്മെ അഭിമാനം കൊള്ളിക്കുമെന്ന് തീർച്ചയുണ്ട് എന്നും രാഹുൽ കലണ്ടറിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. എന്റെ നാട്ടിലേക്ക് വർഷങ്ങൾകൊണ്ട് എന്നെ ഈ മണ്ണിന്റെ ഭാഗമാക്കിയ എന്റെ വയനാട്ടിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് രാഹുൽ ഈ ആമുഖം അവസാനിപ്പിക്കുന്നത്. ജനുവരിയിൽ വാഴപ്പഴത്തെയാണ് കലണ്ടറിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. എത്ര ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുന്നു, എത്ര കർഷകർ കൃഷിചെയ്യുന്നു, ആകെയുള്ള ഉല്പാദനത്തിന്റെ അളവ്, എത്രയിനങ്ങൾ കൃഷി ചെയ്യുന്നു എന്നിങ്ങനെയുള്ള വാഴയെ കുറിച്ചുള്ള സമഗ്രവിവരങ്ങൾ ആദ്യമാസത്തെ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തുടർന്ന് വിവിധ മാസങ്ങളിലായി യഥാക്രമം ഇഞ്ചി, ജാതി, കാപ്പി, കുരുമുളക്, കൊക്കോ, മഞ്ഞൾ, നെല്ല്, ഏലം, ഗ്രാമ്പു, നാളികേരം, കാട്ടുതേൻ എന്നിങ്ങനെ വിവിധ വിളകളെയും പരിചയപ്പെടുത്തിയിട്ടുണ്ട്. 2076 ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് മണ്ഡലത്തിൽ കാടുകളിൽ നിന്നും തേൻ ശേഖരിക്കുന്നത്. 23970 ലിറ്റർ കാട്ടുതേൻ മണ്ഡലത്തിൽ നിന്നും ശേഖരിച്ചതായും കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഓരോ വിളകളെ സംബന്ധിച്ചുമുള്ള സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ എ ഐ സി സി സെക്രട്ടറി പി വി മോഹൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എൽ എ, ഐ സി ബാലകൃഷ്ണൻ എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാ അഡ്വ. പി എം നിയാസ്, കെ കെ ഏബ്രഹാം, ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, എ ഐ സി സി മെമ്പർ പി കെ ജയലക്ഷ്മി, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എൽ പൗലോസ്, പി പി ആലി തുടങ്ങിയവർ ചേർന്ന് പ്രകാശനം ചെയ്തു. മലയാളത്തിന് പുറമെ വയനാടിന്റെ വിളകളെ കേരളത്തിന് പുറത്ത് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലും കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്.

Related posts

Leave a Comment