കൊലചെയ്യപ്പെട്ട ബാലികയുടെ വീട്ടില്‍ രാഹുലെത്തി

ന്യൂഡല്‍ഹിഃ രാജ്യതലസ്ഥാനത്ത് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പിഞ്ചു ബാലികയുടെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നു സന്ദര്‍ശിച്ചു. പ്രതികളെക്കുറിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര- സംസ്ഥാന ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും നടപടികളില്‍ രാഹുല്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

“പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ഞാന്‍ സംസാരിച്ചു. തങ്ങളുടെ മകള്‍ക്കു നീതി കിട്ടണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കും. പെണ്‍കുട്ടികളുടെ ജീവനു സുരക്ഷിതത്വമില്ലാതാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ സാധുക്കളായ മാതാപിതാക്കള്‍ക്കൊപ്പം സാധ്യമായ എല്ല നീക്കങ്ങളും നടത്തും” – രാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു.

പുരാന നംഗലില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിനടുത്തുള്ള ശ്മശാനത്തില്‍ വച്ചാണു പെണ്‍കുട്ടു കൊല്ലപ്പെട്ടത്. ശ്മശാന നടത്തിപ്പുകാരനായ പുരോഹിതനും സഹായികളും ചേര്‍ന്നു കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി.

ഇവിടെ ഒരു ശ്മശാനത്തോടു ചേര്‍ന്ന ചേരി പ്രദേശത്തു മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഒന്‍പതു വയസുള്ള ദളിത് കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പച്ചക്കറി വാങ്ങാന്‍ പോയ പിതാവിനൊപ്പമാണ് പെണ്‍കുട്ടി വീടിനു പുറത്തേക്കു പോയത്. ശ്മശാനത്തിനു സമീപം വച്ചിരിക്കുന്ന കൂളറില്‍ നിന്നു വെള്ളമെടുക്കഗാനെത്തിയ കുട്ടി പിന്നീടു വീട്ടില്‍ തിരിച്ചെത്തിയില്ല. വൈകുന്നേരം ആറു മണിയോടെ, പുരോഹിതന്‍ രാധേശ്യാം എന്നയാള്‍ ആളെവിട്ടു കുട്ടിയുടെ അമ്മയെ വിളിപ്പിച്ചു. അവരെത്തിയപ്പോള്‍ കുട്ടിയെ ദ‌ഹിപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

കൂളറില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ഉപകരണത്തില്‍ നിന്നു ഷോക്കേറ്റാണു കുട്ടി മരിച്ചതെന്ന് പുരോഹിതന്‍ പറഞ്ഞു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ അമ്മയില്‍ സംശയം ജനിപ്പിച്ചു. ചുണ്ട് കറുത്ത് കരിവാളിച്ച നിലയിലായിപരുന്നു. ശരീരത്തിന്‍റെ പലഭാഗങ്ങളും ഉരഞ്ഞു മുറിവേറ്റിരുന്നു. നാക്കും കറുത്തുപോയിരുന്നു. സ്വകാര്യഭാഗങ്ങളിലും പരുക്കേറ്റിരുന്നതായി അമ്മ പറഞ്ഞു. പോലീസിനെ അറിയിക്കണമെന്ന തന്‍റെ അപേക്ഷ മാനിക്കാതെ പുരോഹിതന്‍ കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. പൊലീസില്‍ അറിയിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം വേണ്ടിവരുമെന്നും അവര്‍ ആന്തരിക അവയവങ്ങള്‍ വില്‍ക്കുമെന്നും പുരോഹിതന്‍ പറഞ്ഞു. താല്‍ക്കാലികമായി കുറച്ചു പണം നല്‍കി മാതാവിനെ മടക്കി.

വീട്ടില്‍ തിരിച്ചെത്തിയ മാതാവ് അയല്‍ക്കാരോടും ഭര്‍ത്താവിനോടും കാര്യങ്ങള്‍ വിശദകരീച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുനൂറോളം ദളിത് കുടുംബാംഗങ്ങള്‍ സംഘടിച്ചു ശ്മശാനത്തിനു മുന്നില്‍ സമരം തുടങ്ങി. ആദ്യം പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ നടപടിയൊന്നും എടുത്തില്ലെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതിഷേധം ശക്തമായപ്പോള്‍ പുരോഹിതനെ കസ്റ്റഡിയിലെടുത്തു. രണ്ടു പേരേക്കൂടി പിടികിട്ടാനുണ്ടെന്നു പോലീസ്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് ഇന്നു രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിക്കുന്നത്. ദളിത് പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നീതി കിട്ടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. നാരീശക്തിയുടെ പേരില്‍ വീമ്പിളക്കുന്ന നരേന്ദ്ര മോദിയുടെ മൂക്കിനു കീഴിലാണ് ദളിത് പെണ്‍കുട്ടി മൃഗീയമായി കൊല്ലപ്പെട്ടത്.

Related posts

Leave a Comment