രാഹുലിന്റെ മണ്ഡലം പര്യടനം തുടരുന്നു, രാവിലെ നന്മേനിയിൽ, വൈകുന്നേരം മലപ്പുറത്ത്

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരിൽ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം, വയനാട് ജില്ലകളിൽ കർശന സുരക്ഷയമാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനിടയിൽ ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. 2022 ജൂൺ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഇന്നലെ ബത്തേരിയിൽ ബഫർസോൺ വിരുദ്ധ റാലി രാഹുൽ ഗാന്ധി നയിച്ചു. റാലിയ്ക്ക് പിന്തുണയുമായി പ്രവർത്തകരുടെ നീണ്ട നിരയാണ് രാഹുൽ ഗാന്ധിക്ക് പിന്നാലെയെത്തിയത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തിയിരുന്നു. ഇഡി അഞ്ചു ദിവസം ചോദ്യം ചെയ്താൽ താൻ ഭയക്കില്ലെന്നാണ് രാഹുൽ ബിജെപിക്കു മുന്നറിയിപ്പ് നൽകിയത്. ദേശീയ അന്വേഷണ ഏജൻസികളെ കാട്ടി തന്നെ ഭയപ്പെടുത്താനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അത്തരം ഭയപ്പെടുത്തൽ വേണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
വയനാട്ടിൽ തന്റെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ആരോടും വിദ്വേഷമില്ലെന്നു പറഞ്ഞ അദ്ദേഹം കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരോടു ക്ഷമിക്കുന്നു എന്നും വ്യക്തമാക്കി. കേരളത്തിൽ സിപിഎം നടത്തുന്ന വിരട്ടലാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇത്തരം വിരട്ടൽ കണ്ട് ഭയക്കുന്നവരല്ല കോൺ​ഗ്രസുകാരെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment