ബി.ജെ.പി ജനങ്ങളുടെ മൗലികാവകാശങ്ങൾ തകര്‍ക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി


ന്യൂഡല്‍ഹി: ബി.ജെ.പി ജനങ്ങളുടെ മൗലികാവകാശങ്ങൾ തകര്‍ക്കാനാണ് തുടക്കം മുതലേ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുതാര്യതയാണ് ജനാധിപത്യത്തില്‍ പ്രധാനം. ജനങ്ങള്‍ക്ക് രാജ്യത്തെ സംവിധാനങ്ങളെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അധികാരമുണ്ട്. പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള മേഖലയില്‍ പഠനത്തിനും തൊഴിലിനും ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന് അവകാശമുണ്ട്. ഈ അവകാശങ്ങളെല്ലാം കവർന്നെടുക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൗരന് അവകാശങ്ങളില്ലാത്ത രാജ്യം എങ്ങനെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുമെന്നു രാഹുല്‍ ഗാന്ധി ചോദിച്ചു.


പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങളാണ് യു.പിയിലെ യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ 24 മണിക്കൂറിനിടെ 880 ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 16 ലക്ഷം യുവാക്കള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലാകാത്തതിന്റെ കാരണം രാജ്യത്തെ സ്വത്തുക്കള്‍ രണ്ടോ മൂന്നോ മുതലാളിമാരുടെ കൈകളില്‍ മാത്രമായി പോയതിനാലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റേത് പൊള്ളയായ വാഗദാനങ്ങളല്ല. തൊഴില്‍ നല്‍കാമെന്ന് പറയുമ്പോള്‍ എങ്ങനെ തൊഴില്‍ നല്‍കുമെന്ന് വ്യക്തമാക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ്. കോണ്‍ഗ്രസ് നിങ്ങള്‍ക്ക് എത്ര ലക്ഷം തൊഴിലവസരങ്ങള്‍ തരുമെന്ന് വാഗ്ദാനം ചെയ്യുന്നതോടൊപ്പം എങ്ങനെ അവ നല്‍കുമെന്നത് പ്രകടന പത്രികയില്‍ എഴുതിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ യുവജന പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ യുവജന പ്രകടന പത്രിക യുവജനങ്ങളുടെ കാഴ്ചപ്പാടാണെന്നും അവരുമായി സംവദിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷം പ്രചരിപ്പിക്കലല്ല, യു.പിയിലെ യുവജനതയുമായി കൈകോര്‍ത്ത് പുതിയ, ശക്തമായ യു.പിയെ നിര്‍മിക്കാനാണ് കോൺഗ്രസ് ശ്രമമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Related posts

Leave a Comment