രാഹുല്‍ നിര്‍ഭയനായ നേതാവ്; മോദിയും ഷായും ‘നാഥുറാം ബനായി ജോഡി’- കനയ്യകുമാര്‍


ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ച് കനയ്യ കുമാർ. മുൻ വിദ്യാർഥി നേതാവു കൂടിയായ കനയ്യ, ഇക്കഴിഞ്ഞ ദിവസമാണ് സി.പി.ഐ. വിട്ട് കോൺഗ്രസിലെത്തിയത്. കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുന്നത് ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി കോൺഗ്രസ് ആയിരിക്കെ, കോൺഗ്രസ് എത്രമാത്രം വിജയിക്കുന്നുവോ അത്രമാത്രം ബി.ജെ.പി.പരാജയപ്പെടുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്,കനയ്യ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി, പ്രത്യേകിച്ച് രാഹുൽ ഗാന്ധി, ജെ.എൻ.യു. പ്രതിഷേധ വേളയിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും കനയ്യ പറഞ്ഞു. എന്നെപ്പോലെ നിരവധി ചെറുപ്പക്കാർ കരുതുന്നത് രാഹുൽ ഗാന്ധിക്ക് ആത്മാർഥതയുണ്ടെന്നാണ്. അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ ആത്മാർഥതയുണ്ട്. സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിർഭയനായ നേതാവാണ് രാഹുൽ എന്നും കനയ്യ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നാഥുറാം ബനായി ജോഡി (നാഥുറാം നിർമിച്ച സഖ്യം) എന്ന് കനയ്യ വിശേഷിപ്പിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സയെ പരാമർശിച്ചു കൊണ്ടായിരുന്നു കനയ്യയുടെ വാക്കുകൾ.

Related posts

Leave a Comment