പ്രിയങ്കയ്ക്ക് തൊട്ട്പിന്നാലെ രാഹുൽ ​ഗാന്ധിയും യുപിയിലേക്ക്; സന്ദർശനത്തിന് അനുമതി തേടി

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിന് പിന്നാലെ കർഷകർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേഡിയിലേക്ക് രാഹുൽ ഗാന്ധിയും. ബുധനാഴ്ച യുപിയിൽ പോവാൻ രാഹുൽ ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിന്റെ അനുമതി തേടിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കുമെന്നാണ് കെ സി വേണുഗോപാൽ അറിയിച്ചത്. രാഹുൽ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ലഖിംപൂരിൽ സന്ദർശനം നടത്താനൊരുങ്ങുന്നത്. ഉത്തർപ്രദേശിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം രാജ്യമെങ്ങും വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

കോൺഗ്രസ് നേതാക്കൾ ഉത്തർപ്രദേശിലെത്തി പ്രതിഷേധിക്കുകയാണ്. എന്നാൽ, ഇവരെയെല്ലാം അറസ്റ്റ് ചെയ്തും തടഞ്ഞുവച്ചും പ്രതിരോധിക്കുകയാണ് യുപി സർക്കാർ. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്ന കത്ത് യുപി സർക്കാരിന് സമർപ്പിച്ചു. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടാവുമെന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധിയെയും പോലിസ് തടയുമെന്നാണ് സൂചന.

ലഖിംപൂർ ഖേഡിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട എഐസിസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ സീതാപൂരിൽ തടയുകയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ചശേഷം യുപി പോലിസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ലഖിംപൂർ ഖേഡിയിലേക്ക് പുറപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗേലിനെ ലഖ്‌നോ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. യുപി കോൺഗ്രസ് ഓഫിസും പ്രിയങ്കാ ഗാന്ധിയെയും സന്ദർശിക്കുന്നതിനാണ് ഭാഗേൽ ലഖ്‌നോ ചൗധരി ചരൺ സിങ് വിമാനത്താവളത്തിലെത്തിയത്.

Related posts

Leave a Comment