വിദ്യാർഥികളുമായി സംവദിച്ചു രാഹുൽഗാന്ധി ; അപ്രതീക്ഷിതമായി സോണിയ ഗാന്ധി പങ്കെടുത്തത് എല്ലാവർക്കും കൗതുകമായി

 

മലപ്പുറം :മതേതര  ജനാധിപത്യ  ഇന്ത്യയുടെ സുരക്ഷിത ഭാവി  ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ കൈകളിലാണെന്ന്  രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് ഒ.യു. പി. സ്‌കൂള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍  ഉദ്ഘാടനം  ചെയ്തു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മഹത്തായ പൈതൃകമുണ്ടെന്നും  ഇന്ത്യയുടെ  പാരമ്പര്യവും  മഹത്വവും  വിദ്യാര്‍ഥികള്‍ മനസ്സിലാക്കണമെന്നും  സ്വാതന്ത്ര്യത്തിനുവേണ്ടി  ജാതിമത, ഭാഷ  വ്യത്യാസമില്ലാതെ പടപൊരുതിയ ഇന്ത്യക്കാരുടെയും ധീര രക്തസാക്ഷികളുടെയും ചരിത്രം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണമെന്നും  അദ്ദേഹം പറഞ്ഞു.  നാമേവരും ആഗ്രഹിക്കുന്ന സുരക്ഷിതത്വം സമാധാനപൂര്‍ണവുമായ ഇന്ത്യക്ക് വേണ്ടിയും ലോകരാജ്യങ്ങളുടെ  നെറുകയില്‍ നില്‍ക്കുന്ന  വികസന കുതിച്ചുച്ചാട്ടത്തിനും നമുക്കൊരുമിച്ചു നില്‍ക്കാമെന്നും അതിനായി  വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരണമെന്നും  അദ്ദേഹം പറഞ്ഞു.  അതിനൂതന സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി  ഉന്നത വിദ്യാഭ്യാസം  കരസ്ഥമാക്കുകയും അവ രാജ്യ പുരോഗതിക്കായി സമര്‍പ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു .വിഭാഗീയ ചിന്തകള്‍ക്കപ്പുറം രാജ്യത്തിന്റെ പൂര്‍വ്വ പിതാക്കള്‍ കാണിച്ചുതന്ന  പാതയിലൂടെ ഐക്യത്തോടെ ഗമിക്കുവാന്‍  നാം  സജ്ജരാവുകയും  അതിനായി പ്രയത്‌നിക്കുകയും ചെയ്യണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ആവേശവും സന്തോഷവും ആഹ്ലാദവും  നേരിട്ടറിഞ്ഞ രാഹുല്‍ ഗാന്ധി തന്റെ അമ്മയായ സോണിയാഗാന്ധിയും കൂടെ നിങ്ങള്‍ക്ക് ആശംസകള്‍  അറിയിക്കുമെന്നു പറയുകയും സോണിയാഗാന്ധിയുമെത്തി  വിദ്യാര്‍ഥികള്‍ക്ക്   ആശംസകള്‍ അറിയിക്കുകയും നന്നായി പഠിച്ച് രാജ്യ പുരോഗതിക്കായി പ്രയത്‌നിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ശശി തരൂര്‍ എം.പി ,എ .പി. അനില്‍ കുമാര്‍ എം.എല്‍.എ. ദാറുന്നജാത്ത് ജനറല്‍ സെക്രട്ടറി അഡ്വ .എം .ഉമ്മര്‍ ,ദാറുന്നജാത്ത് ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,ദാറുന്നജാത്ത് സെക്രട്ടറിവാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ,സ്‌കൂള്‍ മാനേജര്‍ എന്‍. കെ. അബ്ദുറഹിമാന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അലവി, പ്രധനാധ്യാപകര്‍ ടി. മുഹമ്മദ് മാസ്റ്റര്‍, കവി നൗഷാദ് പുഞ്ചാ, ഒ. ഉമ്മു സലാഹ് സുലാഫ ,കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ഇംതിയാസ് ബാബു , തുടങ്ങിയവര്‍  പ്രസംഗിച്ചു.വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടന്നു.

Related posts

Leave a Comment