രാഹുൽ ഗാന്ധിയ്ക്ക് മോദിയുമായി മണ്ണപ്പം ചുട്ടുകളിച്ചും,കണ്ണിമാങ്ങ എറിഞ്ഞുമുള്ള സൗഹൃദം ഇല്ല;സ്പീക്കർക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം വിവരിച്ച്‌ കൊണ്ടുള്ള സ്പീക്കർ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

കോൺഗ്രസ് നേതാക്കളായ വിടി ബൽറാം ഉൾപ്പെടെയുള്ളവരാണ് രാജേഷിനെതിരെ രംഗത്തെത്തിയത്.തുടർന്ന് വിമർശനങ്ങൾക്ക് മറുപടിയുമായി ഒരു വിശദീകരണ കുറിപ്പ് കഴിഞ്ഞ ദിവസം എംബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചാണ് പോസ്റ്റിൽ രാജേഷ് വിശദീകരിച്ചത്. മാത്രമല്ല രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരിൽ എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യുന്നതെന്നും രാജേഷ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതിൽ വിമർശനം ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച ചിത്രത്തെ താങ്കൾ ഉദാഹരിക്കുൾ , അതിന് മുൻപ് അദ്ദേഹം നടത്തിയ പ്രസംഗം കൂടി പരാമർശിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബഹുമാന്യനായ കേരളത്തിന്റെ സ്പീക്കർ ശ്രീ MB രാജേഷ് അദ്ദേഹത്തിന് അനുരാഗ് ഠാക്കൂർ എന്ന RSS നേതാവുമായുള്ള സൗഹൃദത്തെ സമാന്യവത്കരിക്കുവാൻ ഇന്ന് നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്.
ഡൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂറുമായിട്ടുള്ള സൗഹൃദം അദ്ദേഹം ബാലൻസിംഗിനു വേണ്ടി താരതമ്യപ്പെടുത്തിയത് രാഹുൽ ഗാന്ധിയുടെ ഒരു പ്രവർത്തിയുമായിട്ടാണ്. അത് ബാലൻസിംഗ് അല്ല ബാലൻസ് തെറ്റിയ ഒരാളുടെ ജല്പനമായിട്ടാണ് തോന്നിയത്.
അനുരാഗും താങ്കളുമായിട്ടുള്ള ഗാഢ സൗഹൃദത്തിന് രാഹുൽ ഗാന്ധി എന്ത് പിഴച്ചു? അനുരാഗിനെ പോലെയുളള ആ പ്രത്യയശാസ്ത്രത്തിലെ പലരുമായി താങ്കൾക്കുണ്ടായ ഗാഢമായ ബന്ധം കൊണ്ട് ആണല്ലോ താങ്കൾക്ക് തൃത്താല അംഗമായി തിരഞ്ഞെടുക്കപ്പെടുവാനും അതു വഴി നിയമസഭാ സ്പീക്കറാകുവാനും കഴിഞ്ഞതും. അക്കൂട്ടത്തിലെ ഒരു സൗഹൃദം മാത്രമാണ് താങ്കൾ പുരപുറത്ത് കയറി വിളിച്ച് പറഞ്ഞത്.
രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച ചിത്രത്തെ താങ്കൾ ഉദാഹരിക്കുമ്പോൾ , അതിന് മുൻപ് അദ്ദേഹം നടത്തിയ പ്രസംഗം കൂടി പരാമർശിക്കണം. BJP രാജ്യത്ത് നടത്തുന്ന വിദ്വേഷ പ്രചരണത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും തുറന്ന് കാണിച്ചു കൊണ്ടുള്ള പ്രസംഗാന്ത്യം ആ വെറുപ്പിനെ രാജ്യം സ്നേഹം കൊണ്ട് പ്രതിരോധിക്കുമെന്ന വലിയ സന്ദേശമാണ് ആ ജസ്റ്ററിലൂടെ രാഹുൽ ഗാന്ധി അവതരിപിച്ചത്.
അല്ലാതെ താങ്കൾക്ക് അനുരാഗിനോടുള്ളത്‌ പോലെ രാഹുൽ ഗാന്ധിയ്ക്ക് നരേന്ദ്ര മോദിയുമായി മണ്ണപ്പം ചുട്ടുകളിച്ചും, കണ്ണിമാങ്ങ എറിഞ്ഞിട്ടും, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചുമുള്ള സൗഹൃദമില്ല. മോദിയും മോദിയുടെ പ്രത്യയ ശാസ്ത്രവുമായി തൊടിയിൽ ഒന്നിച്ച് കൈ പിടിച്ച് നടന്ന സൗഹൃദമില്ല.
എന്തായാലും ഈ ഒൻപതര മണിക്ക് നോക്കുമ്പോൾ താങ്കളുടെ പേജിൽ താങ്കളുടെ വർഗ്ഗീയ വാദിയായ സുഹൃത്തുമായുള്ള ഊഷ്മള ബന്ധത്തിന്റെ കുറിപ്പ് കാണുന്നില്ല. നാട്ടിൽ നാലാളെ കാണിക്കുവാൻ കൊള്ളാത്ത സുഹൃത്തുക്കളാണ് താങ്കൾക്കുള്ളത് എന്ന് സ്വയം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതിൽ സന്തോഷം.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാ, അതിനാൽ താങ്കൾ ഒന്നിലധികം കണ്ണാടികൾ കരുതുക……

Related posts

Leave a Comment