സിപിഎം വഴിയാധാരമാക്കിയ നിക്ഷേപകയ്ക്കു സഹായവുമായി രാഹുൽ ​ഗാന്ധി

കോഴിക്കോട്. സിപിഎം അനുകൂലികളുടെ എതിർപ്പിനെത്തുടർന്ന് ജീവിതം വഴിമുട്ടിപ്പോയ നിക്ഷേപകയെ സഹായിക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രംഗത്ത്. കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബാങ്ക് ജപ്തി ചെയ്തു തെരിവിലിറക്കിവിട്ട ജൂലി ടോണിയെന്ന വീട്ടമ്മയുടെ രക്ഷയ്ക്കാണു കോൺ​ഗ്രസ് നേതാവ് ഇടപെട്ടത്. രാഹുലിന്റെ നിർദേശപ്രകാരം ഡിസിസി പ്രസിഡ‍ന്റ് അഡ്വ. കെ. പ്രവീൺ കുമാറിൻറെ നേതൃത്വത്തിൽ കോൺ​ഗ്രസ് നേതാക്കൾ ജൂലിയുടെ വാടക വീട്ടിലെത്തി.
നാലു വർഷം മുൻപാണ് വീടും സ്ഥലവും പണയപ്പെടുത്തി ജൂലിയും ഭർത്താവ് ടോണിയും സ്റ്റേറ്റ് ബാങ്കിൽ നിന്ന് വ്യവസായ ലോൺ എടുത്തത്. റബർ സംസ്കരണശാലയായിരുന്നു വിഭാവന ചെയ്തത്. ഫാക്റ്ററിയുടെ പണി പൂർത്തിയാക്കി, ഉത്പാദനം തുടങ്ങിയപ്പോഴേക്കും പാരിസ്ഥിതിക പരാതിയുമായി ചിലർ രം​ഗത്തെത്തി. കൂടുതൽ ആളുകളെ ജോലിക്കു വയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഫാക്റ്ററിക്കു മുന്നിൽ കൊടി കുത്തി. ഇതോടെ പ്രവർത്തനം മുടങ്ങിയ ഫാക്റ്ററിയുടെ തിരിച്ചടവ് മുടങ്ങി.
കഴിഞ്ഞ ദിവസം ബാങ്ക് അധികൃതരെത്തി ജൂലിയെയും ഭർത്താവിനെയും വീട്ടിൽ നിന്നു പുറത്താക്കി, ജപ്തി നടപടികൾ പൂർത്തിയാക്കി. നാട്ടുകാർ തരപ്പെടുത്തിക്കൊടുത്ത വാടക വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. സിപിഎം കാർ തടസപ്പെടുത്തിയിരുന്നില്ലെങ്കിൽ ഫാക്റ്ററി മികച്ച നിലയിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നു എന്നാണ് ടോണി പറയുന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ സാവകാശം അനു‌വദിക്കാൻ ബാങ്ക് അധികൃതർ തയാറാകണമെന്ന്പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ഫാക്റ്ററി തുറക്കാൻ ആവശ്യമായ സൗകര്യങ്ങൾ സർക്കാരും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment