ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 2024 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ‘രാഹുൽ കണക്ട്’ ആപ്പുമായി കോൺഗ്രസ്. ഡിജിറ്റൽ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ലക്ഷക്കണക്കിന് വാട്സ്ആപ്പ് ഗ്രൂപ്പുകളും സമൂഹമാധ്യമ പ്രചാരണത്തിനായി കോൺഗ്രസ് ആരംഭിക്കും. ‘ആർജി കണക്ട് 2024’ എന്ന പേരിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനതലത്തിൽ തുടങ്ങുന്ന ഗ്രൂപ്പുകൾ പിന്നീട് ബൂത്ത് തലത്തിൽ വരെ വ്യാപിപ്പിക്കും. ഈ ഗ്രൂപ്പിലൂടെ നൽകുന്ന രാഷ്ട്രീയ സന്ദേശങ്ങൾ പ്രവർത്തകർ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിച്ച് സമൂഹത്തിലേക്ക് എത്തിക്കണം. സജീവപ്രവർത്തകരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം അവർ വഴി സാധാരണ വോട്ടർമാരിലേക്ക് പാർട്ടി സന്ദേശങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ആരംഭിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ റാലികൾക്കു തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഡിജിറ്റൽ പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് നടപടിയാരംഭിച്ചത്.
‘രാഹുൽ കണക്ട്’ ആപ്പ് ; വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി കോൺഗ്രസ്
