അധികാരത്തേക്കാള്‍ വലുത് ആദര്‍ശമാണെന്ന് ആര്‍. ശങ്കര്‍ തെളിയിച്ചു : വി.എം. സുധീരന്‍ തിരുവനന്തപുരം : അധികാരത്തേക്കാള്‍ വലുത് താന്‍ ഉയര്‍ത്തിപിടിക്കുന്ന ആദര്‍ശമാണെന്ന് തെളിയിച്ച മഹാനായ നേതാവാണ് ആര്‍. ശങ്കര്‍ എന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് റ്റി. ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ആര്‍. ശങ്കറിന്റെ 49ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം ആര്‍. ശങ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ആര്‍. ശങ്കര്‍ അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടുകളില്‍ ചെറിയ മാറ്റം വരുത്തി ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായപ്പോള്‍  അധികാരത്തേക്കാള്‍ വലുതാണ് എന്റെ നിലപാടുകള്‍ എന്ന് നിയമസഭയില്‍ തുറന്നുപറഞ്ഞു കൊണ്ട് അവിശ്വാസ പ്രമേയത്തെ നേരിട്ട നട്ടെല്ലുള്ള മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കര്‍.  അധികാരം ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് എന്ന നിലപാടില്‍  ഊന്നിനിന്നു കൊണ്ടാണ് അദ്ദേഹം കേരളത്തില്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ കാര്യത്തിലും ധനവിനിയോഗ പ്രക്രിയയിലും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം  ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയതാണെന്നും വി.എം. സുധീരന്‍ ഓര്‍മ്മപ്പെടുത്തി. കവി പൂവത്തൂര്‍ സദാശിവന്റെ ആശാന്‍ കവിതകളുടെ ആലാപനത്തോടെയാണ് ചടങ്ങുകള്‍  ആരംഭിച്ചത്.കെ.പി.സി.സി പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിന്റെ 50-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്  ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള  നടപ്പിലാക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന  വിവിധ കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും വി.എം. സുധീരന്‍ നിര്‍വ്വഹിച്ചു. മുന്‍ സ്പീക്കറും കെ.പി.സി.സി വൈസ്പ്രസിഡന്റുമായ എന്‍. ശക്തന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. പതിനാല് ജില്ലകളിലും ആര്‍. ശങ്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. കെ.പി.സി.സി ഭാരവാഹികളായ  സുബോധന്‍, പ്രതാപചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിന്‍സന്റ്. എം.എല്‍.എ, ഡോ. എം.ആര്‍. തമ്പാന്‍, ശാസ്തമംഗലം മോഹനന്‍, ആനാട് ജയന്‍, കോട്ടാത്തല മോഹനന്‍, ചാല സുധാകരന്‍, ആര്‍. ഹരികുമാര്‍, തൈക്കാട് ശ്രീകണ്ഠന്‍, കടകംപള്ളി ഹരിദാസ്, കൃഷ്ണപ്രസാദ്, ചെമ്പഴന്തി അനില്‍, കൃഷ്ണകുമാര്‍, സേവ്യര്‍ ലോപ്പസ്, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍, ചാറാച്ചിറ രാജീവ്,  ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ  കുന്നുകുഴി സുരേഷ്,  അമൃതലാല്‍, അജിത്ത്, ഡി. അനില്‍കുമാര്‍, ഭുവനചന്ദ്രന്‍ നായര്‍, ടി.പി. പ്രസാദ്, പി.ഋഷികേശ്, വലിയതുറ ഗിരീഷന്‍, കൊഞ്ചിറവിള വിനോദ്, സജി.സി, പാച്ചല്ലൂര്‍ പ്രസന്നന്‍, കുന്നുപുറം വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment