കമ്മീഷനെ നിയോഗിച്ച കെ പി സി സി തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമെന്ന് ആര്‍ ചന്ദ്രശേഖരന്‍

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേ സാമൂഹികമാധ്യമങ്ങളിലടക്കം തന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെ പി സി സി കമ്മീഷനെ നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് താന്‍ നല്‍കിയ കത്ത് കെ പി സി സി പ്രസിഡന്റ് ഗൗരവമായി എടുക്കുകയും മാത്യൂ കുഴല്‍നാടന്‍ എം എല്‍ എയെ നിയോഗിക്കുകയും ചെയ്ത നടപടി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ഏത് പാര്‍ട്ടിയായാലും പാര്‍ട്ടിപ്രവര്‍ത്തകനെ ഏല്‍പ്പിക്കുന്ന ചുമതലകളില്‍ എന്ത് ആക്ഷേപങ്ങള്‍ വന്നാലും നിയോഗിച്ച പാര്‍ട്ടി തന്നെ പ്രാഥമിക അന്വേഷണം നടത്തുന്നതാണ് നല്ലത്. തന്റെ കത്തിന്‍ പ്രകാരം കെ പി സി സി എടുത്ത തീരുമാനത്തില്‍ ഏറെ സതൃപ്തനാണ്. കശുവണ്ടി മേഖലയില്‍ ആരു വന്നാലും ചില തല്‍പര കക്ഷികള്‍ ആക്ഷേപങ്ങളും ആരോപണങ്ങളുമായി വരുന്നുണ്ട്. ഇവര്‍ക്ക് പണം വാരിയെറിഞ്ഞ് ആനന്ദം കണ്ടെത്തുകയും പൊതുരംഗത്ത് നില്‍ക്കുന്നവരെ ആക്ഷേപിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് തര്‍ക്കിച്ചതാണ് ഇദ്ദേഹത്തിന് എന്നിലുണ്ടായ വിരോധമെന്നും സംശയിക്കുന്നു. താന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ മന്ത്രി സഭ അംഗീകരിച്ച കശുവണ്ടി മേഖലയ്ക്ക് 30 കോടി ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാതെ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ 300 കോടി കൊടുക്കാനായിരുന്നു ഈ ഉദ്യോഗസ്ഥന്റെ ആവേശം. എന്നിട്ടും കശുവണ്ടി മേഖലയെ അവര്‍ തന്നെ നിര്‍ജ്ജീവമാക്കി. കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുകയും സ്ഥാപനങ്ങളെ പുകമറയില്‍ നിര്‍ത്തി ആരും തൊഴില്‍ ചെയ്യേണ്ടന്നുമാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് ഡിസംബര്‍ അവസാന വാരത്തോടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ജനുവരിയിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലും ജനറല്‍ ബോഡിയോഗങ്ങള്‍ നടക്കുകയാണ്. പ്രഗല്‍ഭരമായ അഭിഭാഷകരാണ് ഓരോ ജില്ലയിലെയും തെരഞ്ഞെടുപ്പിന്റെ വരണാധികളാണ്. ഐ എന്‍ ടിയു സി പേരില്‍ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഡിസംബര്‍ അഞ്ചിന് മുന്‍പ് അഫിലിയേഷനായി സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെടണം. 467 യൂണിയനുകളിലായി 17,36,000 തൊഴിലാളികളാണ് നാളിതുവരെയായി ഐ എന്‍ ടി യു.സില്‍ ഉള്ളത്. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ കെ ഹഫീസ്, വടക്കേവിള ശശി എന്നിവരും അദ്ദേഹത്തിനോടൊപ്പം പങ്കെടുത്തു

Related posts

Leave a Comment