ക്വാറി ഉടമകൾക്കൊപ്പം സർക്കാർ; പ്രകൃതി ദുരന്തത്തിൽ ക്വാറികൾക്ക് പങ്കില്ലെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉരുൾപൊട്ടലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതിന് കാരണം അനധികൃത കരിങ്കൽ ക്വാറികളുടെ അശാസ്ത്രീയ പ്രവർത്തനമാണെന്ന വാദം നിലനിൽക്കെ, ക്വാറി ഉടമകൾക്ക് അനുകൂലമായി നിയമസഭയിൽ വ്യവസായ മന്ത്രി പി. രാജീവ്. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത് ക്വാറികളുടെ പ്രവർത്തനം കാരണമാണോയെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇത് പരിശോധിക്കുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഉപയോഗിച്ച് പഠനം നടത്താൻ സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടിക്കൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ അനധികൃത ക്വാറികൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ദുരന്തം നടന്ന കൂട്ടിക്കലിൽ രണ്ട് ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. അതിൽ ഒന്നിന്റെ പ്രവർത്തനം പ്രളയത്തെ തുടർന്ന് 2019ൽ അവസാനിപ്പിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻെറ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളായി നിർണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്വാറികൾ അഞ്ച് വർഷത്തിനകം പ്രവർത്തനം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്വാറികൾക്ക് അനുമതി നൽകുന്നതിനെയും മന്ത്രി ന്യായീകരിച്ചു. കേരളത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് കരിങ്കൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ശരാശരി മൂന്ന് ഹെക്ടറായി ക്വാറിയുടെ വിസ്തൃതി കണക്കാക്കിയാൽ വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തികരിക്കണമെങ്കിൽ പോലും 66 ക്വാറികൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment