റോഡിലെ കുഴികൾ ചൂണ്ടിക്കാണിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രിക്ക് അസഹിഷ്ണുത: സതീശൻ

ആലപ്പുഴ: തന്റെ മനസിലെ കുഴിയിൽ വീണ് ആരും മരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റോഡിലെ കുഴി അപകടകരമാണ്. അതിൽ വീണ് നിരപരാധികൾ മരിക്കുന്നത് ചൂണ്ടിക്കാണിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രിക്ക് അസഹിഷ്ണുതയാണെന്നു സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
റോഡിലെ കുഴി അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന്റെ മനസിലെ കുഴി അടയ്ക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷെ റോഡിലെ കുഴി അപകടകരമാണ്. അത് അടയ്ക്കണം. സർക്കാരിന്റെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. മന്ത്രി എന്തിനാണ് വിമർശനങ്ങളെ വ്യക്തിപരമായി എടുക്കുന്നത്? ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, എനിക്ക് ജയിലിൽ പോയി പരിചയമില്ല, കൊതുക് കടി കൊണ്ടിട്ടില്ല, ഒളിവിൽ പോയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. റോഡിലെ കുഴികളെ കുറിച്ച് സംസാരിക്കാൻ ജയിൽ പോകേണ്ട ആവശ്യമുണ്ടോ? ഇനി ഞാൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി ഈ മന്ത്രി പറയും. മന്ത്രിക്ക് അസഹിഷ്ണുതയാണ്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്ന് പറയും. ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്. അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആയത് കൊണ്ടാണ് ഈ ചോദ്യങ്ങൾ ചോദിച്ചത്. വെറും മുഹമ്മദ് റിയാസായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു. ചോദിച്ച മൂന്ന് ചോദ്യങ്ങൾക്കും മറുപടി നൽകാതെ വിഷയത്തെ മന്ത്രി വ്യക്തിപരമായി എടുത്തിരിക്കുകയാണ്.
ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും ഉണ്ടാകുന്ന കുഴികളിൽ വീണ് ആളുകൾ മരിക്കുകയും കൈകാലുകൾ ഒടിഞ്ഞ് പരിക്കേൽക്കുകയും ചെയ്യുന്നത് ഗൗരവകരമായ വിഷയമാണ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതും റോഡിന്റെ ശോച്യാവസ്ഥയും മാധ്യമങ്ങളെല്ലാം വാർത്തായാക്കുകയും നിരവധി തവണ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും ചെയ്തു. ഇവർക്കെല്ലാം സർക്കാരിനെതിരെ പറയാം, പക്ഷെ പ്രതിപക്ഷം ഇത് പറയാൻ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണ്.

ദേശീയപാത വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും പൊതുമരാമത്ത് റോഡിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷം വിമർശിച്ചിട്ടുണ്ട്. വളരെ ലളിതമായ ചോദ്യങ്ങളാണ് സർക്കാരിനോട് ചോദിച്ചത്. മഴയ്ക്ക് മുൻപുള്ള അറ്റകുറ്റപ്പണികൾ സംസ്ഥാനത്ത് നടന്നിട്ടില്ല. 322 കോടി രൂപ അനുവദിച്ചിട്ടും മൺസൂൺ അവസാനിക്കാറായ സമയത്തും അതിന്റെ ടെണ്ടർ നടക്കുകയാണ്. അതിന്റെ രേഖകളും ഹാജരാക്കി. പ്രീ മൺസൂൺ വർക്ക് പോസ്റ്റ് മൺസൂൺ വർക്കായി നടക്കാൻ പോകുകയാണ്. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരമില്ല.

2017 -ൽ പി.ഡബ്ല്യു.ഡിയിൽ രൂപീകരിച്ച മെയിന്റനൻസ് വിഭാഗം 2021 ലാണ് പ്രവർത്തിച്ച് തുടങ്ങിയത്. അവരും പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗവും തമ്മിലുള്ള തർക്കമാണ് പ്രീ മൺസൂൺ അറ്റകുറ്റപ്പണികൾ വൈകിച്ചതെന്ന് പറഞ്ഞതിനും മറുപടിയില്ല. നാഷണൽ ഹൈവേ അതോറിട്ടിക്ക് കൈമാറിയ റോഡുകളിലും പി.ഡബ്ല്യു.ഡി റോഡ് വിഭാഗം പണി നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകളും ഹാജരാക്കി. അതിനും മറുപടിയില്ല. എൻ.എച്ച്.എ.ഐക്ക് കൈമാറിയ റോഡിലെ കുഴിയും പി.ഡബ്ല്യു.ഡിക്ക് അടയ്ക്കാൻ പറ്റുമെന്ന് വ്യക്തമായിരിക്കുകയാണ്.
പ്രതിപക്ഷം എന്തെങ്കിലും പറഞ്ഞാൽ അതിനെ പ്രതിപക്ഷ നേതാവിന് എതിരെ വ്യക്തിപരമായ വിമർശനമാക്കി മാറ്റുന്നതിൽ എന്ത് അർത്ഥമാണുള്ളത്? പരസ്പരവിരുദ്ധമായാണ് മന്ത്രി സംസാരിക്കുന്നത്. പ്രതിപക്ഷം ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. റോഡിലെ കുഴിയടയ്ക്കുമോ എന്നാണ് മന്ത്രി പറയേണ്ടത്. നന്നായി ജോലി ചെയ്താൽ ഞാൻ തന്നെ അദ്ദേഹത്തെ അഭിനന്ദിക്കും. എന്റെ 21 വർഷത്തെ പാർലമെന്ററി അനുഭവത്തിന് ഒരു വിലയുമില്ലെന്നാണ് മന്ത്രി പറയുന്നത്. അതെല്ലാം ജനങ്ങൾ വിലയിരുത്തട്ടെ. നമ്മളൊന്നും അങ്ങോട്ടുമിങ്ങോട്ടും മാർക്കിടേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment