പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കി; കോൺക്രീറ്റ് അടിത്തറ നാളെ പൊളിക്കും

നിലമ്പൂർ: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എൽ.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 1,47000 രൂപയുടെ ടെൻഡർ വിളിച്ച് 11ന് പൊളിക്കാൻ തുടങ്ങിയത്. തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ് വെയുടെ മൂന്നു ടവറുകളും പൊളിച്ചുനീക്കിക്കഴിഞ്ഞു. ടവറുകൾ സ്ഥാപിച്ച കോൺക്രീറ്റ് അടിത്തറ ഇന്ന് പൊളിക്കും. പൊളിക്കൽ നടപടി വിലയിരുത്താൻ ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി.ജിഷയും പഞ്ചായത്ത് അധികൃതരും ഇന്നലെ സ്ഥലം സന്ദർശിച്ചു.
പരാതിക്കാരനായ നിലമ്പൂർ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിച്ചത്.
റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന സി.കെ അബ്ദുൽലത്തീഫിന്റെ അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സ്റ്റേ നൽകിയിരുന്നില്ല. ഇതോടെയാണ് നിശ്ചയിച്ച സമയപരിധിക്കകം തന്നെ റോപ് വെ പൊളിക്കൽ പൂർത്തിയാകുന്നത്. കേസിൽ പരാതിക്കാരന്റെയും എതിർകക്ഷികളുടെയും വാദം കേൾക്കാതെ സ്റ്റേ നൽകാനാവില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ, പരാതിക്കാരൻ എം.പി വിനോദ് എന്നിവർക്ക് പ്രത്യേക ദുതൻ വഴി നോട്ടീസ് കൈമാറാൻ ഉത്തരവിട്ട കോടതി കേസ് 22ന് പരിഗണിക്കും. അതിനു മുമ്പുതന്നെ റോപ് വെയുടെ കോൺക്രീറ്റ് അടിത്തറയും പൊളിച്ചുനീക്കും.
റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന എം.എൽ.എയുടെ രണ്ടാം ഭാര്യയുടെ പിതാവിന്റെ ഹരജി നേരത്തെ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് തള്ളിയിരുന്നു. റോപ് വെക്ക് പുറമെ തടയണക്ക് സമീപം ബോട്ടുജെട്ടിക്കായുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Related posts

Leave a Comment