പൂവാർ റിസോർട്ടിൽ നടന്ന ലഹരി പാർട്ടി അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: പൂവാർ റിസോർട്ടിൽ നടന്ന ലഹരി പാർട്ടി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം എക്സൈസ് അസിസ്റ്റൻറ് കമ്മിഷണർ എസ്.വിനോദ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. റിസോർട്ടിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് ഉടൻ പരിശോധനയ്ക്ക് വിധേയമാക്കും. പാർട്ടി സംഘടിപ്പിച്ച നിർമ്മാണ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണസംഘം സമഗ്രമായ അന്വേഷണം നടത്തും. പാർട്ടിയിൽ പങ്കെടുത്ത മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടായേക്കും. അതേസമയം തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ലഹരി പാർട്ടി പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ലോക്ഡൗൺ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാർട്ടി ഇവിടെ നടന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ദ്വീപിന് നടുവിലായത് കൊണ്ട് തന്നെ ഇവിടേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിൻറെ പ്രവർത്തനം. നിരവധി തവണ പൊലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മുഖ്യപ്രതി അക്ഷയ് മോഹൻ വാട്‌സ് ആപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് പാർട്ടിക്ക് ആളെക്കൂട്ടിയത്. പീറ്റർഷാൻ, അതുൽ എന്നിവർ ആളുകളെ റിസോർട്ടിൽ എത്തിച്ചു. ഇവരടക്കം നാലുപേർ എക്‌സൈസ് കസ്റ്റഡിയിൽ ആണ്. പിടിയിലായവരെ കൂടാതെ കൂടുതൽ പേർ പിന്നിലുണ്ടെന്നാണ് എക്സൈസ് എൻഫോഴ്‌സ്‌മെൻറ് സംഘത്തിൻറെ നിഗമനം.

Related posts

Leave a Comment