ഇവര്‍ ചെമ്പല്ല, തനിത്തങ്കം, സര്‍ക്കാര്‍ ജോലി, ഒരു കോടി : പഞ്ചാബ് സര്‍ക്കാര്‍

ചാണ്ഡിഗഡ് : ഒളിംപിക് ഹോക്കി വിജയം അങ്ങ് ജപ്പാനിലാണെങ്കിലും ആഘോഷം മുഴുവന്‍ ഇങ്ങ് ഇന്ത്യയില്‍. ഇന്നു പുലര്‍ച്ചെ തുടങ്ങിയ വിജയാരവങ്ങള്‍ സമയം വൈകുന്തോറും ആവേശലത്തിമിര്‍പ്പിലേക്കു വഴുതുന്നു. ഏറ്റവും കൂടുതല്‍ ആഘോഷം പഞ്ചാബില്‍. കേരളത്തിലും ആവേശം വാനോളം. ഒഡിഷ ഹരിയാന, ഡല്‍ഹി, മണിപ്പൂര്‍, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളും കുറവൊന്നും വരുത്തിയിട്ടില്ല.

ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാക്കളായ മുഴുവന്‍ പഞ്ചാബികള്‍ക്കും ഒരു കോടി രൂപ സമ്മാനവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു, പഞ്ചാബിലെ അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍. സ്വര്‍ണം നേടിയിരുന്നെങ്കില്‍ രണ്ടരക്കോടി രൂപ വീതവും വെള്ളിക്ക് ഒന്നരക്കോടി രൂപ വീതവും പ്രഖ്യാപിച്ചിരുന്നതാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ പൊന്നിനെക്കാള്‍ തിളങ്ങുന്നതാണ് ഇന്നത്തെ വെങ്കല മെഡലെന്നു സ്പോര്‍ട്സ് യുവജകാര്യ മന്ത്രി റാണ ഗുര്‍ജിത് സിംഗ് സോധി വ്യക്തമാക്കി. മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനടക്കം പതിനൊന്നു പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കാണ് ഒരു കോടി രൂപ വീതവും സര്‍ക്കാര്‍ ജോലിയും ലഭിക്കുക.

ടീമിലെ ഏറ്റവും സീനിയര്‍ താരം മലയാളിയായ പി.ആര്‍. ശ്രീജേഷാണ്. 2006 മുതല്‍ ദേശീയ ഹോക്കി ടീമിലെ സജീവ സാന്നിധ്യമായ ശ്രീജേഷ്. 2016ല്‍ ടീമിന്‍റെ നായകനുമായിരുന്നു. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വിജയ‌ശില്പിയാണു ശ്രീജേഷ്. ശ്രീജേഷിന്‍റെ കരുത്തിലാണ് ഇന്ത്യ വിജയവഴിയൊരുക്കിയത്. തികഞ്ഞ അച്ചടക്കവും ടീമിന്‍റെ വഴികാട്ടിയുമായ ശ്രീജേഷിന് എന്തു സമ്മാനമാണ് കാത്തിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. ബീരേന്ദ്ര ലഖറ,അമിത് രോഹിതര്‍ (ഇരുവരും ഒഡിശ), വി.എസ്. പ്രസാദ് (എംപി),നീലകാന്ത് ശര്‍മ (മിണ്പ്പൂര്‍), സുമിത് വാല്‍മീകി( ഹരിയാന) എന്നിവരെയും കാത്തിരിക്കുന്നത് സുവര്‍ണ സമ്മാനങ്ങള്‍. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാര്‍, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ജേതാക്കളെ അഭിനന്ദിച്ചു.

Related posts

Leave a Comment