ബിജെപി ഭരണത്തിൽ സേനയും ജനങ്ങളും അരക്ഷിതർ: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ബിജെപിയുടെ ഭരണത്തിൽ രാജ്യത്തെ സാധാരണ പൗരന്മാർ തീരെ സുരക്ഷിതരല്ലെന്നു രാഹുൽ ​ഗാന്ധി എംപി. നാ​ഗാലാൻഡിൽ ​ഗ്രാമീണരായ 12 പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ നടുക്കുന്നു. സാധാരണ പൗരനെയും ഭീകരരെയും തിരിച്ചറിയാൻ കഴിയാത്തവരായി സർക്കാർ മാറിയെന്നും രാഹുൽ പരിഹസിച്ചു.
നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പട്ട സംഭവത്തെ അപലപിക്കുകയായിരുന്നു എഐസിസി മുൻ അധ്യക്ഷൻ. നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണം. പൗരന്മാരും ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേന വെടിവെച്ചത്.
വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണു ഗ്രാമീണർക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Related posts

Leave a Comment