‘പി.ടി യുടെ ചിരിയും കുന്നപ്പിള്ളിയുടെ സസ്പെൻഷനും’ ; പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിൽ പി.ടി ഞങ്ങളുടെ ഹെഡ്മാസ്റ്റർ ആയിരുന്നു ; വി പി സജീന്ദ്രൻ എഴുതുന്നു

അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്റും എംഎൽഎയുമായ പി ടി തോമസിന്റെ നിയമസഭയിലെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ.നിയമസഭയ്ക്കുള്ളിലെ അനുഭവം ഒട്ടേറെ പേരാണ് സാമൂഹ്യമാധ്യമങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിൽ പി.ടി ഞങ്ങളുടെ ഹെഡ്മാസ്റ്റർ ആയിരുന്നു. നിയമസഭയ്ക്ക് അകത്തു വന്നാൽ പി.ടി ഗൗരവക്കാരനും കർക്കശക്കാരനും ആയിരുന്നു. നിയമസഭാ സമ്മേളിക്കുന്ന അവസരങ്ങളിൽ ഒരു ചായ കുടിക്കാൻ പോയാൽ പോലും പി.ടിയുടെ ഫോൺ വരും ഉടനെ നിയമസഭയിൽ എത്തണം. സഭയ്ക്കകത്ത് വളരെ ഗൗരവകാരനായ പി.ടിയെ ഒരിക്കൽ മാത്രമേ ചിരിച്ചു ഞാൻ കണ്ടിട്ടുള്ളൂ.
രാവിലെ ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും നടക്കുമ്പോൾ ഞങ്ങൾ കാതുകൂർപ്പിച്ചു ഇരിക്കും. പി.ടി ആണെങ്കിൽ അപ്പോഴും സർക്കാരിനെതിരെ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ഇരിക്കുന്നത് കാണാം.അടിയന്തിര പ്രമേയം കഴിഞ്ഞാൽ
ഞങ്ങൾ പിന്നെ ഒരു ചായ കുടിക്കും. ആ സമയങ്ങളിൽ ഒട്ടനവധി കഥകൾ രൂപംകൊള്ളും. പി.സി ജോർജ് അടക്കുള്ളവർ കഥാപാത്രങ്ങളായി കഥയിൽ വരും. പിസിയുടെ വയറുമായി ബന്ധപ്പെട്ട് ഒട്ടനവധി കഥകൾ വരാറുണ്ട്. ഓർത്ത് ഓർത്തു ചിരിക്കുവാൻ ചിരിയുടെ നീണ്ട മാലപ്പടക്കങ്ങൾ അവിടെ പൊട്ടാറുണ്ട്.പക്ഷേ ഈ തമാശകളിലും ചിരികളിലും ഒന്നും പിടി തോമസ് പങ്കെടുക്കാറില്ല. അപ്പോഴും ഗൗരവം കൈവിടാതെ പി.ടി സഭയിൽ എല്ലാം ശ്രദ്ധിച്ചു ഇരിപ്പുണ്ടാകും.

നിയമസഭാ നടപടികൾ കൃത്യമായി നോക്കുന്നത് കൊണ്ടാകാം പാനൽ ഓഫ് ചെയർമാൻ ആയി എന്നെ സ്പീക്കർ നിയമിച്ചത്.
ഒരിക്കൽ സ്പീക്കർ ഇല്ലാതിരുന്ന സമയത്ത് ഞാൻ ചെയറിൽ ഇരുന്ന് സഭ നിയന്ത്രിക്കുക യായിരുന്നു. സ്പീക്കറുടെ ചെയറിൽ ഇരിക്കുന്ന ആൾക്ക് സ്പീക്കറുടെ എല്ലാ അധികാരങ്ങളും ഉണ്ട്. അങ്ങനെ ഇരിക്കുമ്പോൾ തമാശയ്ക്ക് ഞാൻ സ്പീക്കറുടെ ലെറ്റർപാഡിൽ ഒരു കാര്യം ചെയ്തു. പതിനാലാം നിയമസഭയിൽ സഭയിൽ ആദ്യ ദിവസം സഭയിൽ ഇരുന്ന് ഉറങ്ങിയതിന് താങ്കളെ രണ്ടു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന് സ്പീക്കറുടെ ലെറ്റർപാഡിൽ എഴുതി നാലായി മടക്കി ഞാൻ നിയമസഭ ജീവനക്കാർ വഴി എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് കൊടുത്തയച്ചു.

കത്തു കിട്ടിയ ഉടൻ എൽദോസ് കുന്നപ്പിള്ളി ആകെ പരിഭ്രാന്തനായി. ആകെ അന്തം വിട്ട എൽദോസ് കുന്നപ്പിള്ളി ഓടി പാർലമെന്ററി പാർട്ടി സെക്രട്ടറിയായ പി.ടി തോമസിന്റെ അരികിൽ ചെന്നു. പി.ടി തോമസ് വളരെ ഗൗരവപൂർവ്വം കത്ത് വാങ്ങി ശ്രദ്ധിച്ചു വായിച്ചു. അതിനുശേഷം എൽദോസ് കുന്നപ്പിള്ളിയെ ഒന്നു സൂക്ഷിച്ചു നോക്കി പറഞ്ഞു.. “വിഷയം സീരിയസാണ് ആ വിഡി സതീശനെ കൂടി ഒന്ന് കാണിച്ചോളൂ, ബാക്കി നമുക്ക് പ്രതിപക്ഷനേതാവ് വന്നിട്ട് ആലോചിച്ച് ചെയ്യാം”.എൽദോസ് കത്തുമായി വിഡി സതീശന്റെ അടുത്തെത്തി. കത്തു വായിച്ച വിഡി. സതീശൻ പ്രതിപക്ഷനേതാവ് വരട്ടെ ഞാൻ അദ്ദേഹവുമായി സംസാരിച്ചു എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം എന്ന് മാത്രം പറഞ്ഞു.കത്ത് വി.ഡി സതീശനെ ഏൽപ്പിച്ച് എൽദോസ് കുന്നപ്പിള്ളി പതിയെ സഭ വിട്ടിറങ്ങി. കുന്നപ്പിള്ളി സഭ വിട്ടു പോകുന്നത് കണ്ട പിടി തോമസ് എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ആദ്യമായി നിയമസഭയ്ക്ക് അകത്തു ചിരിക്കുന്ന പി.ടിയെ അന്നാണ് എനിക്ക് കണാൻ സാധിച്ചത്. ഇന്നും ആ ചിരിമായാതെ പി.ടി എന്റെ മുന്നിലുണ്ട്. നമ്മുടെ മുന്നിലുണ്ട്..

Related posts

Leave a Comment