‘പി ടി യെ ഓർത്ത് കരയാത്തവർ, ഇല്ലാതാക്കാൻ ശ്രമിച്ചവർ, എല്ലാവരും മറ്റൊരു ദിവസം കരയും..’ ; വൈകാരികമായി വി പി സജീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

പി ടി യുടെ വിയോഗത്തിന് പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി പി സജീന്ദ്രന്റെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇത്തവണത്തെ പി.ടി.യുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിലെ തലവാചകമായിരുന്നു
“പ്രിയപ്പെട്ടവൻ പി.ടി.” എന്നത്. എൻ്റെ ഹൃദയഭിത്തികൾക്ക് മേൽ ജന്മാന്തര ബന്ധം കൊണ്ട് ഉരുക്കിച്ചേർത്തെഴുതിയ വാചകം കൂടിയാവും ഇത്.

പി.ടി.യുടെ ആരോഗ്യനില മോശമായെന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അറിഞ്ഞത്.
നാട്ടിലായിരുന്ന മൂത്തമകൻ വിഷ്ണുവിനെ പെട്ടെന്ന് വെല്ലൂരിലെത്തിക്കണം
എന്ന് പറഞ്ഞ് ഭാര്യ ലേബി വിളിച്ചപ്പോൾ
ഞാൻ ശ്രീമൂലനഗരത്ത് ഒരു പദയാത്രയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വിഷ്ണുവിനേയും
പി.ടി.യുടെ സഹോദരൻ വർക്കിച്ചനേയും കൂട്ടി രാത്രി തന്നെ ലേബിയെ ട്രെയിനിൽ വെല്ലൂർക്ക് വിട്ടു. പുലർച്ചെ ഞാൻ കാറിൽ എത്താമെന്നും അവരെ തിരിച്ച് കൊണ്ടുവരാമെന്നും വാക്ക് കൊടുത്തിരുന്നു. പക്ഷേ വിധി മറിച്ചായിരുന്നു, തിരിച്ച് പി.ടി.യുടെ ചേതനയറ്റ ശരീരത്തിനൊപ്പം ആംബുലൻസിൽ പോരേണ്ടി വന്നു.

രാവിലെ പി.ടി.യുടെ മരണവാർത്തയറിഞ്ഞ്
ഞാൻ വെല്ലൂർക്ക് തിരിച്ചു.
സേലത്ത് ഞാൻ ആംബുലൻസ് കാത്ത് നിന്നു.
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഉൾപ്പെടെ പ്രവർത്തകർ അവിടെ ഉണ്ടായിരുന്നു. സേലത്തു നിന്നും പി.ടിയുയെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലൻസിൽ ഞാൻ കയറി. അവിടുന്നിങ്ങോട്ട് പി.ടിയോട് ഒപ്പം. വിവിധ ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാരുടെ നേതൃത്വത്തിലുള്ള ആദരാഞ്ജലികൾ! കെപിസിസി നേതൃത്വത്തിൽ നിന്നും പ്രസിഡണ്ടും പ്രതിപക്ഷനേതാവും പാർലമെൻററി പാർട്ടി ഉപനേതാവ് കെ ബാബുവും ഉള്ളവരുടെ ധാരാളം ഫോൺ വിളികൾ ,രാവിലെ ആറു മണിക്കുള്ളിൽ എത്തണം. രാഹുൽ ഗാന്ധിയുടെ സന്ദർശന സമയം തീരുമാനിക്കണം. അപ്പോഴേക്കും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ പി.ടിയെ കാണുവാൻ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു.
തമിഴ്നാട്ടിലെ പി.ടി.ആരാധകരെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു.

സമയം എല്ലാം തെറ്റി ദണ്ഡികൽ തേനി വഴി കേരള അതിർത്തിയിൽ കമ്പംമേട്ടിൽ ആംബുലൻസ് എത്തിച്ചേർന്നു. വൈകിട്ട് ഏഴുമണിക്ക് എത്തിച്ചേരും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും എത്തിയത് വെളുപ്പിന് 1.45 ന്. മരം കോച്ചുന്ന തണുപ്പ്.. അപ്പോഴും, ഇല്ല പി.ടി മരിച്ചിട്ടില്ല എന്ന മുദ്രാവാക്യം നെഞ്ചുപൊട്ടി വിളിച്ചുകൊണ്ട് ആയിരങ്ങൾ അവിടെയും തടിച്ചു കൂടി നിൽക്കുന്നു ! പ്രിയ പി.ടി നിങ്ങൾ ഒരു അത്ഭുതമാണ്.

സമയം വളരെ കുറവായിരുന്നു ഒരു നോക്കു കാണുവാൻ അവസരം നൽകി. പാർട്ടി നേതാക്കളുടെ പിന്തുണയോടുകൂടി പി.ടിയുടെ മൃതശരീരം അവിടെ വച്ച് തുറന്ന വാഹനത്തിലേക്ക് കയറ്റി വണ്ടി കട്ടപ്പനയിലേക്ക് പോയി. ആ തുറന്ന വാഹനം കട്ടപ്പനയിൽ എത്തുമ്പോൾ അവിടെയും ആയിരങ്ങൾ വെളുപ്പിനെ കാത്തുനിൽക്കുന്നു. പിന്നീട് കുടുംബവീട്ടിൽ അവിടെ നിന്ന് ഇടുക്കി ഡിസിസി ഓഫീസിലേക്ക്.. അപ്പോൾ സമയം വെളുപ്പിന് അഞ്ച് കഴിഞ്ഞിരുന്നു.

നിലപാടിന്റെ രാജകുമാരൻ പി.ടി തോമസിന്റെ മൃതശരീരം വഹിച്ചു കൊണ്ടുള്ള വാഹനം ഇതാ കടന്നുവരുന്നു എന്ന അനൗൺസ്മെൻറ് വാഹനത്തിനു പിന്നാലെ ഞാനും പി.ടിയുടെ കുടുംബവും വരുമ്പോൾ വീടുകളിൽ നിന്നും മുറ്റത്തുനിന്ന് ചെടിയുടെ പൂവും പറിച്ചുകൊണ്ട് ഓടിവരുന്ന നാട്ടുകാർ. ഹൃദയം വിണ്ടുകീറി പൊട്ടിക്കരഞ്ഞുകൊണ്ട് അർപ്പിക്കുന്ന ആദരാഞ്ജലികൾ.. അവസാനം ചിതയുടെ അരികിൽ വരെ!

ഇന്നലെ നിങ്ങളെ ഓർത്ത് കരയാത്തവർ.. ഇല്ലാതാക്കാൻ ശ്രമിച്ചവർ.. എല്ലാവരും മറ്റൊരു ദിവസം കരയും.
എന്റെ പി.ടി. വിട.🙏

Related posts

Leave a Comment