എന്നും തൊഴിലാളികളുടെ പക്ഷത്ത്: ആർ. ചന്ദ്രശേഖരൻ

ആദർശങ്ങളിലും വ്യക്തിത്വത്തിലും ഒരിക്കലും വിട്ടുവീഴ്ച കാണിക്കാത്ത നേതാവാണ് പി.ടി. തോമസെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഉജ്വലനായ നേതാവും സദാ കർമനിരതനുമായിരുന്നു അദ്ദേ‌ഹം. ‌ഇടുക്കി ജില്ലയിൽ ജനിച്ചുവളർന്ന അദ്ദേഹത്തിനു തോട്ടം തൊഴിലാളുകളുടെ അവകാശ സംരക്ഷണങ്ങളിലും ജീവിത ഭദ്രതയിലും വലിയ താത്പര്യമുണ്ടായിരുന്നു. തോട്ടം തൊഴിലാളികൾ വെല്ലുവിളി നേരിട്ടപ്പോഴെല്ലാം അവർക്കു വേണ്ടി വീറോടെ വാദിച്ചു. കണ്ണൻ ദേവൻ തോട്ടത്തിലടക്കമുണ്ടായ തൊഴിൽ തർക്കങ്ങളിലും സേവന വേതന വ്യവസ്ഥകളു‍ടെ ലംഘനത്തിലുമൊക്കെ അദ്ദേഹം സജീവമായി ഇടപെട്ടു. ഇത്തരം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുകൊണ്ടു തന്നെ ഐഎൻടിയുസിയുടെ നേതൃത്വവുമായി അദ്ദേഹം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ലോക്സഭയിലും നിയമസഭയിലും തോട്ടം തൊഴിലാളികൾക്കു വേണ്ടി തോമസ് ശബ്ദമുയർത്തി.
കോൺ​ഗ്രസ് പാർട്ടിയിലെ തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലും അധ്വാന വർ​ഗത്തിന്റെ അവകാശപ്പോരാട്ടങ്ങളിലും പങ്കാളിയായി. തോട്ടം മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ അതിനു സാക്ഷികളാണ്. തോട്ടം മേഖലയിലുള്ളവർക്കു മാത്രമല്ല, കേരളത്തിലെ അടിസ്ഥാന വർ​ഗ തൊഴിലാളികൾക്കെല്ലാം തീരാനഷ്ടമാണ് പി.ടി. തോമസിന്റെ വിയോ​ഗത്തിലൂടെ സംഭവിച്ചത്. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ദുഃഖിതരായ മുഴുവൻ ജനങ്ങളുടെയും തീരാനഷ്ടത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നുൃ- ചന്ദ്രശേഖരൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Related posts

Leave a Comment