പി ടി : വളയാത്ത നട്ടെല്ലും കുനിയാത്ത ശിരസ്സും

പി മുഹമ്മദലി

ക്ഷോഭമടങ്ങാത്ത മനസ്സും കലഹിക്കാനുള്ള ആവേശവും സ്ഥിരസ്ഥായി സൂക്ഷിക്കുന്ന വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയിലാണ് പി.ടി. തോമസിനെ ഞങ്ങളുടെ തലമുറ ആദരിച്ചിരുന്നതും ആരാധിച്ചിരുന്നതും. കെ.എസ്.യു. ക്യാംപസുകളിലെയും യൂത്ത് കോണ്‍ഗ്രസ് ക്യാംപസുകളിലെയും തന്ത്രമൂല്യമുള്ള പ്രഭാഷകന്‍ എന് നിലയിലാണ് ഞങ്ങളുടെ തലമുറക്ക് പി.ടി പ്രിയങ്കരനാവുന്നത്. ക്ഷോഭിക്കുന്ന യൗവ്വനം നിശ്ചമാകുന്നതിന് മുമ്പുള്ള സന്ധ്യകളിലേക്ക് ക്യാംപ് പ്രവേശിക്കുമ്പോഴായിരുന്നു കെ.എസ്.യു നേതൃവിഹായസ്സില്‍ ഒരു ക്ഷോഭ നക്ഷത്രം ഉദിക്കുന്നത്. അടിയന്തരാവസ്ഥയും അത് സൃഷ്ടിച്ച ചീത്തപ്പേരും തുടച്ചുമാറ്റി കെ.എസ്.യുവിന് നഷ്ടവസന്തം സൃഷ്ടിക്കുന്ന കഠിത യത്നങ്ങളായിരുന്നു അന്നത്തെ കെ.എസ്.യു തലമുറകളുടെ നിയോഗം. അടിയന്തരാവസ്ഥയില്‍ ഒരു വിഭാഗം പൊലീസ് മേധാവികള്‍ നടത്തിയ കുറ്റകൃത്യ.ങ്ങളുടെ പാപഭാരം പാവപ്പെട്ട കെ.എസ്.യുക്കാരുടെ മേല്‍ സൈക്കിള്‍ ചെയിന്‍ കൊണ്ടും കുറുവടികൊണ്ടും എസ്.എഫ്.ഐക്കാര്‍ പ്രഹരിച്ചു രസിക്കുകയായിരുന്നു. മഹാരാജാസ് കോളജ് പോലുള്ള വിഖ്യാത ക്യാംപസുകളില്‍ അതിനെ പ്രതിരോധിച്ചു നിര്‍ത്തിയതും മറ്റു ക്യാംപസുകളില്‍ പ്രതിരോധിച്ചതിന്റെ പാഠം ചൊല്ലിക്കൊടുത്തതും പി.ടി. തോമസിനെ പോലുള്ള ധീരരായ കെ.എസ്.യു. പ്രവര്‍ത്തകരായിരുന്നു.

ക്യാംപസുകളില്‍ മിടുക്കരെ കണ്ടെത്തി അവര്‍ക്ക് നേതൃപാടവം ചൊല്ലിക്കൊടുക്കുന്നത് കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക തന്നെ ചെയ്തു. 1982 കോണ്‍ഗ്രസ് ലയനം രണ്ടായി നിന്ന് കെ.എസ്.യുവിനെ ഒന്നായി തീര്‍ത്തപ്പോള്‍ പ്രസിഡന്റ് പദവിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തി പേരുകളായിരുന്നു പി.ടി. തോമസിന്റേയും ജോസഫ് വാഴക്കന്റെയും. ഒടുവില്‍ പ്രസിഡന്റായി പി.ടിയും ജനറല്‍ സെക്രട്ടറിയായി വാഴക്കനും നിയോഗിക്കപ്പെട്ടു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തോല്‍വികളില്‍ നിന്നും കേരള യൂണിവേഴ്സിറ്റി യൂണിയനും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനും തിരിച്ചുപിടിച്ചുകൊണ്ടായിരുന്നു ഇവരുടെ നേതൃത്വം കരുത്ത് തെളിയിച്ചിരുന്നത്. അക്കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.യു നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും സാമ്പത്തിക സഹായമൊന്നും ലഭിക്കാറില്ല. എല്ലാം അവരവര്‍ തന്നെ കണ്ടെത്തിക്കൊള്ളണം. എവിടെയും കലാപകാരിയായിരുന്ന പി.ടിയെപ്പോലുള്ളവര്‍ക്ക് പണം നല്‍കുന്നതില്‍ ഉമ്മന്‍ചാണ്ടിയൊഴുകെയുള്ള നേതാക്കളാരും ഉദാരതരായിരുന്നില്ല. പിന്നീട് എംപിയും എംഎല്‍എയുമൊക്കെ ആയെങ്കിലും ഇതൊന്നും സ്വപ്നം പോലും കാണാനാവാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും കുടുംബ സാഹചര്യങ്ങളില്‍ നിന്നും കടന്നുവന്ന വിദ്യാര്‍ത്ഥിയായിരുന്നു പി.ടി. തോമസ്. തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ പ്രീഡിഗ്രി പഠനവും തൊടുപുഴ ന്യൂമാന്‍ കോളജിലെ ബിരുദപഠനവും ഇടവേളകളിലൂടെ പൂര്‍ത്തിയാക്കിയാണ് ബിരുദാനന്തരബിരുദ പഠനത്തിന് മഹാരാജാസില്‍ ചേരുന്നത്. ഹോസ്റ്റല്‍ ഫീസ് നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ എറണാകുളം കെപിസിസി ഓഫീസിലായിരുന്നു അന്തിയുറക്കം. കൂട്ടിന് നാലോ അഞ്ചോ സഹപാഠികള്‍ ഉണ്ടാകും. അന്ന് നഗരത്തില്‍ എസ്എഫ്ഐക്കാരും സിഐടിയുക്കാരും നിരന്തരം കെ.എസ്.യുവിനെ അടിച്ചൊടുക്കുന്ന കാലം. ആ പ്രതികൂല സാഹചര്യത്തിലേക്കാണ് ഉമയെ പി.ടി. സഹധര്‍മ്മിണിയാക്കി സ്വീകരിക്കുന്നത്. അതിനുള്ളില്‍ എല്‍. എല്‍. ബി. പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചിരുന്നു. പുറത്തുള്ള സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കാരണം കോടതിയില്‍ പോകാനോ കേസുകള്‍ക്ക് ഹാജരാകാനോ സാധിച്ചില്ല. അത് കാരണം വക്കീല്‍ കോട്ട് അഴിച്ചുവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.


വിവാഹത്തിന് മുമ്പുള്ള ജീവിതത്തില്‍ പല കെ.എസ്.യുക്കാരുടെയും രക്ഷയും പരിപാലനവും പി.ടിയായിരുന്നു. രാജ്യമില്ലാത്ത രാജാവിനെപ്പോലെയായിരുന്നു പി.ടി. ഉച്ചപട്ടിണി സുഹൃത്തുക്കള്‍ തീര്‍ത്തുകൊടുക്കും. അന്തിപ്പട്ടിണി എപ്പോഴും കെപിസിസി ഓഫീസ് സെക്രട്ടറി ഗോപാലേട്ടന്റെ കാരുണ്യത്തിനനുസരിച്ചായിരുന്നു. തട്ടുകടക്കാരും അന്തികച്ചവടക്കാരും ഓട്ടോറിക്ഷക്കാരും ഭൂതഗണങ്ങളുടെയും സുഹൃത്ത് വലയത്തില്‍ വരുന്നത് അങ്ങിനെയായിരുന്നു. ഓട്ടോറിക്ഷയാത്രയും മീന്‍ വറുത്തതുമൊക്കെ വലിയ ആഡംബരങ്ങളായി വ്യാഖ്യാനിക്കപ്പെട്ട അക്കാലത്ത് കിലോമീറ്ററുകളോളം നടത്തമായിരുന്നു ശരണം.
മൂന്നു തവണ എം എല്‍ എയും ഒരു തവണ എംപിയുമായെങ്കിലും പി.ടിയുടെ പ്രാരാബ്ധങ്ങള്‍ക്ക് കുറവൊന്നുമില്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും മറ്റും പ്രേമ വിവാഹങ്ങളിലും ഉപദേശവും നിര്‍ദ്ദേശവും നല്‍കാനും സാമ്പത്തികമായി അവരെ സഹായിക്കാനും മടുപ്പില്ലാത്ത ഉദാരമായ മനസ്സിന്റെ ഉടമയായിരുന്നു പി.ടി. ഈ ലേഖകനടക്കം പലര്‍ക്കും പല കാലങ്ങളില്‍ പലതരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നതില്‍ പി.ടിയുടെ കാരുണ്യവും മനുഷ്യസ്നേഹവും അനുഭവിച്ചവര്‍ ഒട്ടേറെ പേരുണ്ട്.
പി.ടിയുടെ വിശ്വാസപരിസരത്ത് ക്ഷേത്രങ്ങളോ പള്ളികളോ ചര്‍ച്ചുകളോ ഇല്ലെങ്കിലും അതിന് വിശ്വാസമുള്ളവരെ തഴയാനോ തടയാനോ പരിഹസിക്കാനോ സമ്പൂര്‍ണ മതേതര വിശ്വാസിയായ പി.ടി. ശ്രമിച്ചിരുന്നില്ല. പരന്ന വായനയും സമഗ്ര പഠനങ്ങളും വഴി ആര്‍ജിച്ച ബൗദ്ധിക ഉയര്‍ച്ചുള്ള രാഷ്ട്രീയ പ്രവപര്‍ത്തകര്‍ അന്യം വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പി.ടിയെപ്പോലുള്ള രാഷ്ട്രീയ നേതാവിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന് സംഭവിച്ച തീരാനഷ്ടമാണ്. രാഷ്ട്രീയത്തെ സര്‍ഗാത്മകമാക്കുന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരാണ്.

വായനയിലൂടെ മാത്രമല്ല പി.ടി. ഈ അറിവ് സ്വായത്തമാക്കിയത്. കൂട്ടുകെട്ടുകളിലൂടെയുമാണ്. പി.ടിയുടെ സുഹൃത്ത് വലയങ്ങള്‍ ഏറെ വലുതാണ്. അതിലേറെയും മഹാരാജാസിനെയും ലോ കോളേജിലെയും പഠനകാലത്ത് സമ്പാദിച്ചതാണ്. അതില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല; സിപിഎമ്മുകാരും മാവോയിസ്റ്റുകളും ബിജെപിക്കാരും ജമാഅത്ത് ഇസ്ലാമിക്കാരും അരാഷ്ട്രീയക്കാരും ഉണ്ടാകും.സ്നേഹം കവരാന്‍ പി.ടിക്കുള്ള വിരുത് അനുപമാണ്. ഉമക്കും വിഷ്ണുവിനും വിവേകിനും ഉപ്പുതോടിലെ കുടുംബത്തിനും ഈ വിയോഗം സഹിക്കാനുളഅള കരുത്തുണ്ടാകട്ടെ. പി.ടിയെപ്പോലുള്ള ഒരു നേതാവ്, സുഹൃത്ത്, ഭര്‍ത്താവ്, പിതാവ്, ബന്ധുസംരക്ഷകന്‍ ഇനിയുണ്ടാകുക പ്രയാസകരമാണ്.

Related posts

Leave a Comment