വികസനവും രാഷ്ട്രീയവും വിഷയമാക്കി തെരഞ്ഞെടുപ്പുകളെ നേരിട്ട തന്ത്രശാലി ; പി. ടി. തോമസിന്റെ വേർപാട് തൊടുപുഴയ്ക്കും, ഇടുക്കി ജില്ലയ്ക്കും തീരാനഷ്ടം

സാബു നെയ്യശ്ശേരി

തൊടുപുഴ :ശ്രീമതി കുസുമം ജോസഫ് 1960ൽ കാരിക്കോട് നിയോജകമണ്ഡലത്തിലും, ശ്രീ സി. എ. മാത്യു തൊടുപുഴ മണ്ഡലത്തിലും വിജയിച്ചതിന് ശേഷം തൊടുപുഴയുടെ മലമടക്കുകൾ ക്ക് മീതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ത്രിവർണ്ണ പതാക പാറി പറത്തിയത്, പുതുമുഖവും, യുവാവും കോൺഗ്രസ്സ് പാർട്ടിയുടെ തീപ്പൊരി നേതാവുമായിരുന്ന ശ്രീ പി. ടി. തോമസാണ്.

തൊടുപുഴയിൽ 1991-1996 കാലഘട്ടത്തിൽ പി. ടി. തോമസ് എംഎൽഎ ആയ കാലയളവിൽ ആണ് വികസന സംസ്കാരത്തിന് തുടക്കമിട്ടതെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ തൊടുപുഴ മൂപ്പിൽ കടവ് പാലത്തിൽ നിന്നാണ് വികസനക്കുതിപ്പ് ആരംഭിച്ചത് എന്ന് നിസ്സംശയം പറയാം. എന്നാൽ അതേസമയം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച റവന്യൂ ടവർ പിന്നീടുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ പെട്ട് നിർമ്മിക്കാതെ പോയത് തൊടുപുഴയുടെ ഒരു വികസന നൊമ്പരക്കാഴ്ചയാണ്.

വി.എം. സുധീരൻ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ നിർമ്മാണം തുടങ്ങി വച്ച തൊടുപുഴ ഗവൺമെന്റ് ആശുപത്രി മന്ദിരം, എ. കെ. ആന്റണി സർക്കാർ പ്രത്യേക മന്ത്രിസഭാ യോഗത്തിലൂടെ അനുവദിച്ച മുട്ടം, ജുഡീഷ്യൽ കോംപ്ലക്സ്, അതേ കാലത്ത് നിർമ്മാണ അനുമതി ലഭിച്ച വൈദ്യുതി ഭവൻ, തൊടുപുഴ ബിഎഡ് സെന്റർ തുടങ്ങി തൊടുപുഴയുടെ മുഖച്ഛായ മാറ്റുന്ന വികസനപ്രവർത്തനങ്ങൾ തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തത് ശ്രീ പി. ടി. തോമസാണ്.

ശ്രീമതി കുസുമം ജോസഫിന് ശേഷം തൊടുപുഴയുടെ കിഴക്കൻ മേഖല അവഗണന നേരിടുന്ന കാലയളവിൽ എംഎൽഎ ആയ പി.ടി. തോമസ് കിഴക്കൻ മേഖലകളായ ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണനയാണ് നൽകിയത്. പി. ടി. യുടെ നിരന്തരമായ പരിശ്രമത്തിലൂടെയുണ്ടായ ഉപ്പുകുന്ന് പാറമട റോഡ് നാടിന് അഭിമാനമാണ്. അക്കാലത്ത് നിർമ്മാണം തുടങ്ങിയ മുണ്ടൻമുടി – വെൺമണി വഴിയുടെ കാര്യത്തിലും പി. ടി. യുടെ ശ്രമമുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. മുള്ളരിങ്ങാട് പഞ്ചായത്ത് സ്ഥാപിക്കണമെന്ന പി. ടി.യുടെ സ്വപ്നം ഇനി യഥാർത്ഥ്യമാക്കേണ്ടതുണ്ട്.

തൊമ്മൻകുത്ത് മണ്ണൂക്കാട് വഴിയും പാലവുമെല്ലാം, പി. ടി. യുടെ കുടിയേറ്റജനതയോടും, പിന്നോക്ക ജനവിഭാഗങ്ങളോടുമുള്ള സമീപനം വ്യക്തമാക്കുന്നവയാണ്. കരിമണ്ണൂർ പഞ്ചായത്തിലെ നെയ്യശ്ശേരിക്കവലയിൽ നിന്നും ആരംഭിക്കുന്ന തോക്കുമ്പൻസാഡിൽ റോഡിനു വേണ്ടി എംഎൽഎ എന്ന നിലയിൽ പി.ടി. നടത്തിയ സേവനങ്ങൾ വിസ്മരിക്കപ്പെടുകയില്ല.

തൊടുപുഴയുടെ രാഷ്ട്രീയ തേരാളിയായി തിളങ്ങി നിന്ന പി. ടി. കോൺഗ്രസ്സിനെ തൊടുപുഴയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാക്കി മാറ്റുന്നതിൽ വിജയിച്ചു. 2000ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ(എം) – കേരള കോൺഗ്രസ്സ് സഖ്യത്തെ കോൺഗ്രസ്സ് ഒറ്റയ്ക്ക് പരാജയപ്പെടുത്തുന്ന വിധത്തിൽ ഉള്ള ശക്തി തൊടുപുഴയിലെ 12 പഞ്ചായത്തുകളിലും, തൊടുപുഴ നഗരസഭയിലും കോൺഗ്രസ്സ് നേടിയത് പി. ടി.യുടെ ശ്രമഫലമായാണ്.

ലോക്‌സഭയിലെ ചർച്ചകളിലെ സജീവ സാന്നിദ്ധ്യംകൊണ്ടും ഉന്നയിച്ച വിഷയങ്ങളുടെ പ്രസക്തികൊണ്ടും മണ്‌ഡലത്തിലേക്ക്‌ കൊണ്ടുവന്ന പദ്ധതികളുടെ വ്യാപ്‌തി കൊണ്ടും ഒരു മികച്ച പാർലമെന്റേറിയൻ എന്നു ദേശിയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ചുരുങ്ങിയ സമയം കൊണ്ട്‌ പി.ടി.തോമസിന്‌ കഴിഞ്ഞു. 15-ാം ലോക്‌സഭയുടെ ആദ്യ ദിനത്തിൽത്തന്നെ ഇടുക്കി ജനതയുടെ പ്രധാന ആശങ്കയായ മുല്ലപ്പെരിയാർ വിഷയം സഭയിൽ ഉന്നയിച്ചുകൊണ്ട്‌ ഈ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ പി.ടി.തോമസിന്‌ കഴിഞ്ഞു. അതുപോലെ ഓസ്‌ട്രേലിയയിൽ ഇന്ത്യാക്കാർ നേരിടുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്നും നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ആദ്യം പാർലമെന്റിൽ ഉന്നയിച്ചതും പി.ടി.തോമസാണ്‌.

ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം 24 ഇൻഡ്യൻ ഭാഷകളിലേക്കും തർജ്ജിമ ചെയ്യണമെന്നാവശ്യപ്പെട്ടവതരിപ്പിച്ച സബ്‌മിഷൻ സർക്കാർ അംഗീകരിച്ചത്‌ നാഴികക്കല്ലായി. ഇതിനായി കേന്ദ്ര സാഹിത്യ അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തി. തമിഴ്‌, തെലുങ്ക്‌, കന്നട, കൊങ്കണി എന്നീ 4 ഭാഷകളിലേക്കുള്ള മൊഴിമാറ്റം പൂർത്തിയായി. ഇടുക്കി പാക്കേജിൽ 460 കോടി രൂപ ചിലവഴിക്കാനായി. റോഡുകൾക്കായി 250 കോടിയും മറ്റ്‌ പദ്ധതികൾക്കായി 210 കോടിയും ചിലവഴിച്ചു. ഇടുക്കി പാർലമെന്റ്‌ മണ്‌ഡലത്തിലാകമാനം സ്‌പൈസസ്‌ ബോർഡിന്റെ 30 ഫീൽഡ്‌ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ കമ്പനി തൊഴിലാളികൾക്കായി ഇ.എസ്‌.ഐ യുടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ തൊടുപുഴയിൽതുടങ്ങാനായി. അടിമാലിയിലും മൂന്നാറിലും, ഇ.എസ്‌.ഐ യുടെ ഡിസ്‌പെൻസറി അനുവദിച്ചു.വിമുക്ത ഭടൻമാർമാരുടെയും അവരുടെ ആശ്രിതരുടെയും സൗജന്യ ചികിത്സയ്‌ക്കായി മൂവാറ്റുപുഴയിലും പൈനാവിലും ഇ.സി.എച്ച്‌.എസ്‌.പോളിക്ലനിക്ക്‌ അനുവദിച്ചു. മൂലമറ്റത്ത്‌ എഫ്‌.സി.ഐ ഗോഡൗൺ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു.എൻ.സി.സി ബറ്റാലിയൻ ഇടുക്കിയിൽ ആരംഭിച്ചു.നെടുങ്കണ്ടത്ത്‌ റെയിൽവെ പാസഞ്ചർ റിസർവേഷൻ സെന്റർ ആരംഭിച്ചു. പൈനാപ്പിൾ വ്യാവസായ തളർച്ച, റബ്ബർ വിലത്തകർച്ച, പ്ലാന്റേഷൻ ലേബർ ബിൽ, ഏലത്തിന്‌ തറവില നിശ്ചയിക്കുക, എൻഡോസൾഫാന്റെ ഉപയോഗം നിരോധിക്കുക തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പിടി.തോമസ്‌ പ്രത്യേകം ശ്രദ്ധിച്ചു. വിദ്യാഭ്യാസ ലോണുകൾ നൽകുന്നകാര്യത്തിലുള്ള ബാങ്കുകളുടെ നിഷേധനിലപാടിനെക്കുറിച്ച്‌ പാർലമെന്റിൽ ഉന്നയിക്കുകയും വിദ്യാർത്ഥികൾക്കൊപ്പം നിന്ന്‌ അവരുടെ വായ്‌പ ലഭ്യമാക്കുന്നതിനും,ബാങ്കുകൾ വിവിധ വായ്‌പകൾക്ക്‌ ഈടാക്കുന്ന പലിശയുടെ കാര്യത്തിൽ സുതാര്യത കൊണ്ടുവരുന്നതിന്‌ നടപടി സ്വീകരിക്കുന്നതിനും വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത്‌ പി.ടി.തോമസാണ്‌. വല്ലാർപാടം കണ്ടെയിനർ ടെർമിനലിന്‌ കബോട്ടാഷ്‌ നിയമത്തിൽ ഇളവ്‌ നൽകുക, സ്വകര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ക്ഷേമത്തിനായികമ്മീഷൻ രൂപവത്‌ക്കരിക്കുക, അന്യ സംസ്ഥാന ലോട്ടറിത്തട്ടിപ്പ്‌, തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചതും പി.ടി.തോമസാണ്‌. 9 സ്വകാര്യബില്ലുകളും, 478 ചോദ്യങ്ങളും, 7 സർക്കാർബില്ലുകളും 9 സ്വകാര്യബില്ലുകളും, 46 സബ്‌മിഷനുകളും, 142 ഡിബേറ്റുകളുമായി പി.ടി.തോമസ്‌ കേരളത്തിലെ എം.പി.മാരിൽ മുന്നിട്ട്‌ നിൽക്കുന്നു. എം.പി. ഫണ്ട്‌ 102% വും വിനിയോഗിച്ച്‌ സംസ്ഥാനത്തെ എം.പി മാരുടെ പട്ടികയിൽ 1-ാം സ്ഥാനത്ത്‌ നിൽക്കുന്ന പി.ടി.തോമസിന്റെ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയുടെ ചരിത്രനാൾവഴികളിൽ സുവർണ്ണശോഭയോടെ സ്ഥാനം പിടിക്കും.

1991ൽ ശ്രീമതി കുസുമം ജോസഫ് മരിക്കുന്നത് ഡിസംബർ 22നാണ്. 2021ൽ ശ്രീ പി. ടി. തോമസ് മരിക്കുന്നത് മറ്റൊരു ഡിസംബർ 22 നും. വികസനത്തിലും രാഷ്ട്രീയത്തിലും വിജയക്കൊടി പറത്തിയ പി.ടി. തന്റെ അന്ത്യാഭിലാഷങ്ങളിലൂടെ വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങുകയാണ്.

Related posts

Leave a Comment