പി ടി : വീക്ഷണത്തിലെ കരുത്ത് ; കാപട്യമില്ലാത്ത സ്‌നേഹം

പി സജിത്കുമാര്‍

കണ്ണൂര്‍: വീക്ഷണത്തിന്റെ ചുമതലയെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും മുള്‍ക്കിരീടമായാണ് കാണാറുള്ളത്. തൊഴിലാളിസംഘടനാ രംഗത്തെ അനുഭവപാരമ്പര്യവുമായി എ സി ജോസ് വീക്ഷണത്തെ നയിച്ചു കൊണ്ടിരിക്കേ ആകസ്മികമായി അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. കുറച്ചു കാലം വീക്ഷണത്തിനു നാഥനില്ലാതിരുന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം ആ ചുമതല പി ടി തോമസിന് കൈമാറുന്നത്. പിടിച്ചു നില്‍ക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി നേതാക്കള്‍ക്കു പോലുമില്ലാത്ത ഒരവസ്ഥയില്‍ പി ടിയുടെ കടന്നു വരവ് വീക്ഷണത്തിനു കരുത്തായി മാറുന്നതാണ് പിന്നീട് കാണുന്നത്.
വീക്ഷണത്തിന് അതുവരെയുണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായ മുഖം പകരാന്‍, പൊതുഇടങ്ങളില്‍ പാര്‍ട്ടി മുഖപത്രത്തിന് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കാന്‍ പി ടി തോമസ് നിരന്തരം ശ്രമിച്ചു. ജനപ്രതിനിധിയെന്ന നിലയില്‍ വലിയ തിരക്കുകള്‍ക്കിടയിലും പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ബദ്ധശ്രദ്ധനായിരുന്നു പി ടി.
എടുക്കുന്ന നിലപാടുകളില്‍ പി ടി തോമസ് വിട്ടുവീഴ്ച ചെയ്യില്ല. അത് വീക്ഷണത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലും പ്രകടമായി. വീക്ഷണത്തിലെ പല വാര്‍ത്തകളും ലേഖനങ്ങളും രാഷ്ട്രീയമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയാക്കിയത് പി ടി തോമസെന്ന ചീഫ് എഡിറ്റര്‍ വീക്ഷണത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന ധൈര്യവും പിന്തുണയുമൊന്നു കൊണ്ടു മാത്രമായിരുന്നു.
വീക്ഷണം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയം. നല്ല തുകയ്ക്കുള്ള ഒരു പരസ്യം കിട്ടുകയെന്നത് അത്തരമൊരു ഘട്ടത്തില്‍ ഏതു പത്രസ്ഥാപനവും ആഗ്രഹിക്കുന്ന കാര്യം. വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു വന്‍കിട വിദ്യാഭ്യാസ കച്ചവടസ്ഥാപനം വീക്ഷണത്തിന് വലിയ തുകയ്ക്കുള്ള പരസ്യം വാഗ്ദാനം ചെയ്യുന്നു. അതിനവര്‍ മുന്നോട്ടു വെച്ച നിബന്ധന സ്ഥാപന മുതലാളിയെ പി ടി നേരിട്ട് ബന്ധപ്പെട്ട് സംസാരിക്കണം എന്നു മാത്രം. പി ടിയെ വിലക്കെടുക്കാനുള്ള അടവെന്ന് ചുരുക്കം. പി ടിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ വളരെ കൂളായി പ്രതികരണം വന്നു. ‘അവരുടെ പരസ്യം നമുക്കു വേണ്ട. സാമ്പത്തിക പ്രശ്‌നമൊക്കെ നമുക്ക് പരിഹരിക്കാം..’
അതാണ് പി ടി. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴും ഉറവ വറ്റാത്ത സ്‌നേഹമായിരുന്നു ആ മനസു നിറയെ. വീക്ഷണത്തിലെ ഓരോ പ്രവര്‍ത്തകനും ആ സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പത്രത്തിന്റെ നിലവാരം ഉയരണം, തെറ്റുകളുണ്ടാകാന്‍ പാടില്ല, ശ്രദ്ധിക്കപ്പെടണം, നല്ല വാര്‍ത്തകള്‍ വേണം. പലപ്പോഴും പി ടി വിളിച്ചു പറയും..എന്റെ ചിത്രമോ പ്രസ്താവനയോ വീക്ഷണത്തില്‍ അധികം വേണ്ട. എനിക്കായി ഒരധിക പരിഗണന വേണ്ട. അങ്ങനെയൊരു ആക്ഷേപം കേള്‍പ്പിക്കരുത്..
നല്ല വാര്‍ത്താ പ്രാധാന്യമുള്ള , പലപ്പോഴും വലിയ വിവാദമാകുന്ന കാര്യങ്ങള്‍ വീക്ഷണത്തിലൂടെ വരണമെന്ന് പി ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പല വിഷയങ്ങളിലും ആധികാരികമായ വിവരം നല്‍കാന്‍ കഴിയുന്ന സോഴ്‌സുകളെ പി ടി തന്നെ കണ്ടെത്തിത്തരും. അവരുടെ ഫോണ്‍ നമ്പറയച്ച് വിളിക്കാന്‍ പറയും. അല്പം കഴിഞ്ഞ് അവരെ വിളിച്ചോ എന്ന കാര്യം അന്വേഷിക്കും. ഒരു ജോലി എങ്ങനെ ഭംഗിയായി ചെയ്യാമെന്ന് പി ടിയോടൊപ്പം പ്രവര്‍ത്തിച്ചവര്‍ താനേ പഠിക്കും.
ആര്‍ക്കെതിരേയും മുഖം നോക്കാതെ ആരോപണങ്ങളുന്നയിക്കുന്നതില്‍ പി ടി വിട്ടുവീഴ്ച ചെയ്യാറില്ല. തനിക്ക് ശരിയെന്ന് ബോധ്യപ്പെടണം എന്നു മാത്രം. ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പി ടി ആര്‍ക്കെതിരേയും പറയും. അതിന്റെ പേരില്‍ എത്രയോ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട് പി ടി തോമസ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ആരോപണമുന്നയിക്കുമ്പോള്‍ ഒരു മയവും പിടിയില്‍ നിന്നാരും പ്രതീക്ഷിക്കില്ല. അതൊരു കടന്നാക്രമണം തന്നെയാകും. അതിന്റെ പേരിലുണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങളെ പി ടി ഒരിക്കലും ഗൗനിക്കാറില്ല. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അരങ്ങു വാഴുന്ന വര്‍ത്തമാന കാലത്ത് ഇതു പോലെ വിട്ടുവീഴ്ച ചെയ്യാത്ത നേതാക്കള്‍ വിരളം.
സാംസ്‌കാരിക രംഗത്ത്, സാഹിത്യമേഖലകളില്‍ പി ടിക്കുള്ള വലിയ ബന്ധങ്ങളെ വീക്ഷണത്തിനായി ഉപയോഗപ്പെടുത്താന്‍ അദ്ദേഹമെന്നും ശ്രദ്ധ ചെലുത്തി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഓരോ ജില്ലയിലുമുള്ള വീക്ഷണത്തിന്റെ പ്രവര്‍ത്തകര്‍ പി ടിയുടെ കലവറയില്ലാത്ത സ്‌നേഹം അനുഭവിച്ചറിഞ്ഞവര്‍.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായും എംഎല്‍എ ആയുമുള്ള തിരക്കുകള്‍ക്കിടയില്‍ വീക്ഷണത്തിന്റെ ചുമതല സഹപ്രവര്‍ത്തകനായ ജയ്‌സണ്‍ ജോസഫിന് കൈമാറിയ ശേഷവും വീക്ഷണത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി. അവസാന നാളുകളില്‍ പോലും.

Related posts

Leave a Comment