- പി ടി തോമസിന് ചരമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയില്‍ നടത്തിയ പ്രസംഗം
തിരുവനന്തപുരം:തീര്‍ത്തും അപ്രതീക്ഷിതമായി അകാലത്തിലാണ് . പി ടി തോമസ് വിട പറഞ്ഞത്. ഈ നിയമസഭയെ സ്വന്തം വാദമുഖങ്ങള്‍ കൊണ്ട് വലിയതോതില്‍ സജീവവും ചടുലവുമാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം സഭയുടെ പൊതുവിലുള്ള നഷ്ടമാണ്. പി ടി തോമസിന് എന്നും തനതായ നിലപാടുകള്‍ ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലുമൊക്കെ അതു വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതൊക്കെ അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെ ആയിരുന്നു. അതിനോടു യോജിക്കുന്നവരും വിയോജിക്കുന്നവരുമാണ്ടാവാം. ഏതായാലും, നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദമുഖങ്ങളുയര്ത്തുന്നതിലെ കരുത്ത് പി ടി തോമസിനെ വ്യത്യസ്തനാക്കി.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന പി ടി തോമസ് തൊടുപുഴയില്‍ നിന്നും തൃക്കാക്കരയില്‍ നിന്നും രണ്ടുവട്ടം വീതം നിയമസഭയിലെത്തി. ഒരു തവണ ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു. നിയമസഭയിലും പാര്‍ലമെന്റിലും ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങള്‍ കരുത്തോടെ ഉന്നയിക്കുന്നതില്‍ എന്നും മനസ്സുവെച്ചു. പശ്ചിമഘട്ടം അടക്കമുള്ള കാര്യങ്ങളിലെ പാരിസ്ഥിതിക പ്രശ്നം പോലുള്ള വിഷയങ്ങളില്‍ ഒരു പക്ഷെ, തന്റെ പാര്‍ട്ടിക്കും തന്റെ മുന്നണിക്കും പോലും സ്വീകാര്യമല്ലാത്ത നിലപാടില്‍ അദ്ദേഹത്തെ നമ്മള് കണ്ടിട്ടുണ്ട്.
പാരിസ്ഥിതിക കാര്യങ്ങളിലെന്നപോലെ സാമുദായികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊതു സമീപനങ്ങളില്‍ നിന്നു വ്യത്യസ്തമായ നിലപാടുകളാണു പലപ്പോഴും അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിനു ശരി എന്നു തോന്നിയ നിലപാടു കൈക്കൊള്ളുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും വ്യക്തിനിഷ്ഠ നിലപാടുകളായി അവ മാറി എന്നു പറയുന്നത്. അത് എങ്ങനെ സ്വീകരിക്കപ്പെടും എന്നു നോക്കാതെയുള്ള നിലപാടെടുക്കലാണ് പി ടി തോമസിനെ പലപ്പോഴും അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയില്‍ പോലും വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി നിര്‍ത്തിയത്.
തിരഞ്ഞെടുപ്പു പരാജയങ്ങളില്‍ ഒരിക്കലും തളരാതിരുന്ന പി ടി തോമസ്, രോഗത്തിന്റെ മുമ്പിലും തളര്‍ന്നില്ല. ആ കരുത്ത് അതിജീവിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിക്കുമെന്നു നാം എല്ലാവരും കരുതി. എന്നാല്‍, നമ്മുടെ ആ പ്രതീക്ഷകളെയാകെ ഇരുളിലാക്കിക്കൊണ്ടാണ് തീര്‍ത്തും ദുഃഖകരമായ ആ വിയോഗമുണ്ടായത്.
എഴുത്തും വായനയും അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടതായിരുന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം മുന്നോട്ടു കൊണ്ടുപോവുന്ന സവിശേഷമായ ഒരു ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. ആ സാംസ്കാരികാഭിമുഖ്യത്തിന്റെ സ്വാഭാവികപരിണതിയാവണം, അന്ത്യയാത്ര വയലാറിന്റെ ഗാനത്തിന്റെ അന്തരീക്ഷത്തിലാവണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ എന്ന വയലാറിന്റെ ഗാനത്തിലെ വരികള്‍ ശരിക്കും പി ടി തോമസിന്റെ മനസ്സിലുണ്ടായിരുന്ന ജീവിതത്തോടുള്ള സ്നേഹത്തിന്റെ മുഴക്കം കൂടി ഉള്ളതായി.
രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടമാണെന്നു ചിന്തിക്കുകയും ആ ചിന്ത മുന്‍നിര്‍ത്തി സ്വന്തം മരണാനന്തര ചടങ്ങുകളുടെ സ്വഭാവം മതനിരപേക്ഷമാവണമെന്നു ശഠിക്കുകയും ചെയ്തു പി ടി തോമസ്. മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പരിപാലിക്കുന്നതില്‍ ശ്രദ്ധവെച്ച നേതാവായിരുന്നു പി ടി തോമസ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് പി ടി തോമസ് അവസാനമായി ഈ സഭയില്‍ വന്നത് എന്നാണു തോന്നുന്നത്. ആ ദിവസവും അദ്ദേഹം തനിക്കു ശരി എന്നു തോന്നിയ ചില കാര്യങ്ങള്‍ പറഞ്ഞു. സഭയില്‍ ആ ശബ്ദം പ്രതിധ്വനിച്ചു. യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, കേട്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും സാധ്യമാവാത്ത തരത്തിലുള്ളതു തന്നെയായിരുന്നു ആ ശബ്ദം.
സഭയില്‍ വിഷയങ്ങള്‍ ഗാഢമായി പഠിച്ച് അവതരിപ്പിക്കുന്നതില്‍
അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. പി ടി തോമസ്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ബാല്യാകാല സാഹചര്യത്തില്‍ നിന്നാണു പി ടി തോമസ് വന്നത്. ആ ലാളിത്യം അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്നു. അകാലത്തിലുണ്ടായ ആ ദുഃഖകരമായ വേര്‍പാട് കേരളത്തിന്റെ പൊതുരാഷ്ട്രീയ രംഗത്തിനാകെ വലിയ നഷ്ടമാണു വരുത്തിവെച്ചിട്ടുള്ളത്. പി ടി തോമസിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു.