‘വിശ്വാസപൂര്‍വം ‘വീക്ഷണ’മേല്‍പിച്ചു പി.ടി വിടവാങ്ങുന്നു’ ; വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ജയ്സണ്‍ ജോസഫ് എഴുതുന്നു

വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന എ.സി ജോസ് മരിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കഴിഞ്ഞാണു പി.ടി തോമസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായി ചുമതലയേല്ക്കുന്നത്. താന്‍ എത്തുമ്പോള്‍ വീക്ഷണം ദിശാബോധം നഷ്ടപ്പെട്ട തോണി കടലില്‍ പെട്ടതുപോലെയുള്ള അവസ്ഥയിലായിരുന്നുവെന്ന് പി.ടി പിന്നീട് പലവട്ടം പറഞ്ഞിട്ടുണ്ട്. ആ പ്രതിസന്ധിയില്‍നിന്ന് കമ്പനിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ പരിശ്രമിച്ച ദിനങ്ങളെപ്പറ്റി ചെറുചിരിയോടെ പി.ടി വിവരിക്കുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. വിത്തെടുത്തുണ്ണാതെ നാളേയ്ക്കു കൂടി കരുതിവയ്ക്കണമെന്ന പി.ടിയുടെ ദീര്‍ഘവീക്ഷണമാണ്, ചെറുകിടപത്രങ്ങളില്‍ ഒട്ടുമിക്കയെണ്ണവും പ്രതിസന്ധിയിലായപ്പോഴും വീക്ഷണം വലിയ കേടുപാടുകളില്ലാതെ നിലനിന്നതിനു കാരണം. അപ്രിയമായ പലതും പിന്നീട് പ്രിയമുള്ളതാകുമെന്ന് മനസിലാക്കാന്‍ വൈകിയ ചിലരെങ്കിലും പി.ടിയ്‌ക്കെതിരെ വാളെടുക്കാന്‍ നിന്നെങ്കിലും പതറാതെ പി.ടി സധീരം മുന്നോട്ട് പോയതുകൊണ്ടാണു വീക്ഷണം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. കോണ്‍ഗ്രസുകാരിലെ എഴുത്തുകാരില്‍ പ്രധാനിയെന്ന് പറയാവുന്ന പി.ടി പല മാറ്റങ്ങളും ഉള്‍ക്കൊണ്ട് വീക്ഷണത്തിന്റെ മുഖഛായമാറ്റാന്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നു.


അഭിമാനിക്കാവുന്ന ഒട്ടനവധി മാറ്റങ്ങള്‍ വീക്ഷണത്തില്‍ കൊണ്ടുവന്നാണു പ്രിയപ്പെട്ട ചീഫ് എഡിറ്റര്‍ വിടവാങ്ങുന്നത്. പലയിടത്തായി കൂടിക്കിടന്നവയെയൊക്കെ അടുക്കിപ്പെറുക്കിവച്ച് വ്യത്തിയാക്കിയ വീക്ഷണത്തെ നയിക്കുവാന്‍ പി.ടിയ്ക്ക് പിന്‍ ഗാമിയായി അദ്ദേഹംതന്നെ എന്നെ നിര്‍ദ്ദേശിക്കുമ്പോള്‍ അദ്ദേഹം തുടങ്ങിവച്ചതും പാതിവഴിയ്ക്ക് നിര്‍ത്തിച്ചതുമായ പലതും പൂര്‍ത്തികരിക്കുക എന്ന ചുമതല മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.


ആദ്യമുണ്ടാകുന്ന പല പ്രയാസങ്ങളും പിന്നിടുള്ള പ്രയാണത്തിനു കരുത്താവുകയും മുതല്‍ക്കൂട്ടാവുകയും ചെയ്യുമെന്ന പി.ടിയുടെ ഉറച്ച തീരുമാനങ്ങളില്‍ പലതും വീക്ഷണത്തിനു ഗുണകരമായിട്ടുണ്ടെന്നത് അനുഭവം. പി.ടിയെ പോലെ വായിക്കുകയും എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നൊരാള്‍ കോണ്‍ഗ്രസ് മുഖപത്രത്തിന്റെ സാരഥിയായി ഉണ്ടായെന്നത് മഹാഭാഗ്യമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 15 നു വി.പി.സജീന്ദ്രനും, ജഗദീഷിനുമൊപ്പം അവസാനമായി പി.ടിയെ കാണുന്നത് അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ വെല്ലൂര്‍ ആശുപത്രിയില്‍ വച്ചാണ്. വീക്ഷണം പബ്ലിക്കേഷന്‍സ് ഈയിടെ പുറത്തിറക്കിയ ഇതിഹാസത്തിലെ 109 ലേഖനങ്ങളില്‍ 6 എണ്ണം ഒഴികെ ബാക്കിയൊക്കെ ഈ രോഗാവസ്ഥയിലും പി.ടി വായിച്ചു നന്നായിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. വീക്ഷണത്തിന്റെ നിലവിലെ കാര്യങ്ങള്‍ ഒരോന്നായി വിശദീകരിക്കുമ്പോള്‍ അതൊക്കെ കേള്‍ക്കുകയും തിരിച്ച് നിര്‍ദ്ദേശങ്ങളും തിരുമാനങ്ങളുമൊക്കെ പങ്കുവച്ച് ഓണ്‍ലൈന്‍ എഡിഷനെ പറ്റിയും ഒക്കെ ചോദിച്ച് വളരെ സന്തോഷവാനായി കണ്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങല്‍ അവശ്വസനീയമാണു.


1982 ലെ കോളേജ് യൂണിറ്റ് പ്രസിഡന്റായിരുന്നതു മുതല്‍ പി.ടിയുമായി തുടങ്ങിയ അടുത്ത ബന്ധം ഒരു ജേഷ്ഠസഹോദരതുല്ല്യമായിരുന്നു. എന്നെ വീക്ഷണത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് കൊണ്ടുവന്നത് പി.ടിയുടെ തീരുമാനം മാത്രമായിരുന്നു. ശരീരം കൊണ്ട് പി.ടി കൂടെയില്ലയെങ്കിലും അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം തെളിച്ച വഴിയും ഇനിയുമേറേ മുന്നേറാന്‍ വീക്ഷണത്തിനു കരുത്താകും. പ്രിയപ്പെട്ട വീക്ഷണം ചീഫ് എഡിറ്ററിന് കണ്ണീരില്‍ കുതിര്‍ന്ന വിട.

Related posts

Leave a Comment