മലപ്പുറത്ത് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ അനുവദിക്കണം: പി. ടി. അജയ് മോഹൻ

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍, ബിരുദ കോഴ്‌സുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍. പ്ലസ് വണ്‍ മുതലുള്ള ഉന്നത വിദ്യാഭ്യാസത്തിന് ജില്ലയില്‍ നിരവധി കുട്ടികള്‍ക്ക് അവസരം ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. പത്താം ക്ലാസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയമാണ് മലപ്പുറത്തെ കുട്ടികള്‍ നേടിയത്. എന്നാല്‍ പ്ലസ് വണ്ണില്‍ സീറ്റുകള്‍ കുറവായതു കാരണം ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാന്‍ നിരവധി കുട്ടികള്‍ക്ക് സാധിക്കാതെ വരും. തെക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലപ്പുറത്ത് ഈ സ്ഥിതിയുള്ളത്. എസ്എസ്എല്‍സി വിജയശതമാനം കുതിച്ചുയര്‍ന്നതോടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ളത്. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. അഡ്മിഷന്റെ അവസാനഘട്ടത്തില്‍ കുറച്ചു സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കണം. ശാശ്വതമായ പരിഹാരമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഡിഗ്രി തലത്തിലുള്ള അഡ്മിഷനും ഇതു തന്നെയാണ് സ്ഥിതി. പ്ലസ്ടുവില്‍ മികച്ച വിജയം നേടിയ പല വിദ്യാര്‍ഥികളും തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത അവസ്ഥയിലാണ്. ഓരോ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇവിടെയൊന്നും അടിസ്ഥാന സൗകര്യമൊരുക്കാനോ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനോയുള്ള നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. മലപ്പുറത്തോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment