പി ടി : കര്‍മനിരതനായ പൊതുപ്രവര്‍ത്തകന്‍ : ഷാഫി പറമ്പില്‍ എം.എല്‍.എ

നിലപാടുകള്‍ കൊണ്ടും ക്രിയത്മകമായ ഇടപെടലുകള്‍ കൊണ്ടും എന്നും വ്യത്യസ്തത പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. എല്ലായിപ്പോഴും നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയങ്ങള്‍ ആഴത്തില്‍ ഗൃഹപാഠം നടത്തി വളരെ സ്പഷ്ഠമായി അവതരിപ്പിക്കാറുള്ളതാണ് അദ്ദേഹത്തിന്റെ രീതി.
കെ എസ് യു കാലം തൊട്ടുതന്നെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിട്ടുണ്ട്.കണ്ടുമുട്ടുമ്പോഴൊക്കെ സൗമ്യമായി വിശേഷങ്ങള്‍ ചോദിച്ചറിയുകയും നിറയെ സംസാരിക്കുകയും ചെയ്യറുള്ള അദ്ദേഹം ചിലപ്പോഴൊക്കെ സ്‌നേഹത്തോടെ ശകാരിക്കുകയും ചെയ്യുമായിരുന്നു.പരിസ്ഥിതിയോട് വൈകാരികമായൊരു ബന്ധം അദ്ദേഹത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഇത്രത്തോളം നിലകൊണ്ട നിയമസഭ സമാജികര്‍ കുറവുതന്നെയാണ്.
നിയമസഭയ്ക്കുള്ളില്‍ ഞാനുള്‍പ്പടെയുള്ള സാമാജികര്‍ക്ക് അദ്ദേഹം മികച്ചൊരു അധ്യാപകന്‍ കൂടിയായിരുന്നു. അവതരിപ്പിക്കുവാന്‍ പോകുന്ന വിഷയങ്ങള്‍ കേള്‍ക്കുകയും കൂടുതല്‍ വിശകലനങ്ങള്‍ പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. അധികമാരും ശ്രദ്ധിക്കാത്ത നന്നായി അപഗ്രഥനം നടത്തി അവതരിപ്പിക്കുന്ന സഭ പ്രസംഗങ്ങള്‍ക്കുശേഷം പി ടി അഭിനന്ദനമറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും കൈയടിക്കുന്ന അവതരണങ്ങള്‍ക്ക് ശേഷം അതിലെ പോരായ്മകള്‍ പറഞ്ഞു ശകാരിക്കുകയും പതിവായിരുന്നു.
ഏറ്റെടുക്കപ്പെടുന്ന വിഷയങ്ങളില്‍ പിന്തുടര്‍ച്ച നല്‍കുകയും വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുകയും ചെയ്യുന്ന അദ്ദേഹം തീര്‍ത്തും നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനാണ്. മത-വര്‍ഗീയതയോട് സന്ധി ചെയ്യാത്ത പി ടി യുടെ നിലപാടുകള്‍ കാരിരുമ്പിനേക്കാളും കരുത്തുള്ളതായിരുന്നു. കണക്കുകളും തെളിവുകളും നിരത്തി നിയമസഭയില്‍ അങ്ങ് നടത്തിയ പ്രസംഗങ്ങള്‍ ഒരുപാട് ആവേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും അടുത്തൊരാളെ നഷ്ടപ്പെട്ട വേദനയിലും ഓര്‍മകളിലേക്ക് കണ്ണോടിക്കുമ്പോള്‍ പി ടി അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ കൊണ്ട് ഒരിക്കലും അണയാത്ത നക്ഷത്രശോഭയോടെ എന്നും എല്ലാവരുടെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുകതന്നെ ചെയ്യും.

Related posts

Leave a Comment