പ്രേതാവാഹനവിദ്യയുടെ മനഃശാസ്ത്രതത്ത്വങ്ങള്‍ഡോ. ജോബിന്‍ ചാമക്കാല


ഡോ. ഷെറിന്‍ വി. ജോര്‍ജ് രചിച്ച പ്രേതാവാഹനവിദ്യ: ചരിത്രവും മനഃശാസ്ത്രവും എന്ന പുസ്തകം പ്രേതാവാഹനവിദ്യ എന്ന അതീന്ദ്രിയസാധനയെക്കുറിച്ചുള്ള മിഥ്യാധാരണകളെ വെളിപ്പെടുത്തുന്നു. ആത്മാവ്, പ്രേതം, പിശാച്, യക്ഷി തുടങ്ങിയ സങ്കല്പങ്ങളെക്കുറിച്ച് ഭ്രമാത്മകമായ നിരവധി കഥകളും കേട്ടുകേഴ്‌വികളും നമ്മുടെ നാട്ടില്‍ സാധാരണയാണ്. കേരളത്തിന്റെ ഗ്രാമീണമായ പാരമ്പര്യത്തില്‍ ഇത്തരം കഥകള്‍ക്കും അനുഭവവിവരങ്ങള്‍ക്കും ഏറെ പ്രചാരമുണ്ട്. അതിഭൗതികസങ്കല്പങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ നമ്മുടെ ബാലഭാവനയെ ഏറെ ഭയപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആഖ്യാനങ്ങളെയും വിശ്വാസങ്ങളെയും ശാസ്ത്രയുക്തിയുടെ പിന്‍ബലത്തില്‍ വിലയിരുത്തുന്ന പുസ്തകമാണ് ഇത്.
മനഃശാസ്ത്രം, മാജിക്, കളരിപ്പയറ്റ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ആഴമേറിയ അറിവ് നേടിയിട്ടുള്ള ഡോ. ഷെറിന്‍ പ്രേതദര്‍ശനങ്ങള്‍ക്കു പിന്നിലുള്ള മനഃശാസ്ത്രത്തെ വിശദീകരിക്കുന്നതിനൊപ്പം അത്തരമൊരു ദര്‍ശനത്തിലേക്കെത്തുവാനുള്ള സാഹചര്യവും കാരണവും വിശദീകരിക്കുന്നു. പ്രേതത്തിന്റെ സാന്നിധ്യമുള്ളതായി പൊതുവെ കരുതപ്പെടുന്ന ചില സ്ഥാനങ്ങളും ഭവനങ്ങളുമുണ്ട്. അത്തരമിടങ്ങളില്‍ കാണപ്പെടുന്ന ചില അസ്വാഭാവികതകള്‍ മൂലമാണ് പ്രേതസാന്നിധ്യം എന്ന വിശേഷണത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പ്രേതഭവനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ ഡോ. വില്യം വില്‍മര്‍, മൈക്കിള്‍ പെര്‍സിഞ്ചര്‍, റിച്ചാര്‍ഡ് വൈസ്മാന്‍ തുടങ്ങി നിരവധി പേരുടെ പഠനങ്ങളിലൂടെ പ്രേതാനുഭവം എന്ന് വിളിക്കപ്പെടുന്ന മിഥ്യാബോധത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതിയുടെയും ടോര്‍ച്ചിന്റെയും കടന്നുവരവോടെ ഭൂതപ്രേതപിശാചുക്കള്‍ ഒഴിഞ്ഞുപോയതായിട്ടുള്ള എം.എന്‍. കാരശ്ശേരിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്.

മയ്യഴിയുടെ ചരിത്രസാംസ്‌കാരിക മണ്ഡലം
തന്റെ അറിവിന്റെയും അനുഭവപരിചയസമ്പത്തിന്റെയും വെളിച്ചത്തിലാണ് ഈ ഗ്രന്ഥം ഷെറിന്‍ ഒരുക്കിയിരിക്കുന്നത്. ഡോ. എം.എന്‍. കാരശ്ശേരിയുടെ ശ്രദ്ധേയമായ അവതാരികയും ഗ്രന്ഥത്തിന് മികവേകുന്നു.
മരണശേഷമുള്ള ലോകത്തേയും ജീവിതത്തെയും കുറിച്ച് സകല മതങ്ങളും ജനസമൂഹങ്ങളും വിവിധങ്ങളായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്താറുണ്ട്. ദുരിതങ്ങളെല്ലാം വ്യാധികളുമൊക്കെ വിട്ടൊഴിഞ്ഞ് ഉത്തമമായ ഒരു ലോകത്ത് അനശ്വരജീവിത്തിനായി നന്മ ചെയ്തവര്‍ വിളിക്കപ്പെടുന്നു. തിന്മ ചെയ്തവര്‍ നരകത്തില്‍ നിപതിക്കുന്നെന്നും പൊതുവെ കരുതപ്പെടുന്നു. വിവിധങ്ങളായ സംസ്‌കാരങ്ങള്‍ മരണാനന്തരകാലത്തെക്കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ ഗ്രന്ഥത്തില്‍ സംക്ഷിപ്തമായി ചേര്‍ത്തിട്ടുണ്ട്.
ആത്മാവിനെ വിളിച്ചുവരുത്തല്‍, മരിച്ചവരുടെ ആത്മാവിനോട് സംസാരിക്കല്‍, ഓജോ ബോര്‍ഡ്, പെന്‍ഡുല ശാസ്ത്രം തുടങ്ങിയവയുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനഃശാസ്ത്രത്തെ ഡോ. ഷെറിന്‍ അനാവരണം ചെയ്യുന്നു.മനസ്സിന്റെ നിഗൂഢശക്തികളാല്‍ ഇത്തരത്തില്‍ വിചിത്രമായ പ്രവൃത്തി, വിചിത്രമായ അനുഭവ സമസ്യകള്‍ നല്‍കുന്നു എന്ന് മനഃശാസ്ത്രഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഡോ. ഷെറിന്‍ ചൂണ്ടിക്കാണിക്കുന്നു.
ലളിതമായ ഭാഷയില്‍ ഉദാഹരണങ്ങളും തെളിവുകളും മാതൃകകളും നിരത്തിയുള്ള ആഖ്യാനശൈലിയാണ് ഡോ. ഷെറിന്‍ ഈ ഗ്രന്ഥത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. പ്രസന്നമായ രചനാശൈലി വായനക്കാര്‍ക്ക് ഈ ഗ്രന്ഥത്തെ പ്രിയപ്പെട്ടതാക്കുന്നു. ധാരാളം ചിത്രങ്ങളും ഗ്രാഫുകളും ഉപയോഗിച്ച് ഗ്രന്ഥത്തെ കൂടുതല്‍ വ്യക്തവും പ്രതിപാദ്യവും കൃത്യവുമാക്കാന്‍ രചയിതാവ് പുലര്‍ത്തിയിട്ടുള്ള പരിശ്രമം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഗഹനമായ മനഃശാസ്ത്രതത്വങ്ങളെപ്പോലും ലളിതമായി കൈകാര്യം ചെയ്യുന്നതിലുള്ള കൃതഹസ്തയാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ മികവ്.

പ്രേതാവാഹനവിദ്യ: ചരിത്രവും മനശാസ്ത്രവും
ഡോ. ഷെറിന്‍ വി. ജോര്‍ജ്ജ്
പ്രസാധകര്‍: പുലിസ്റ്റര്‍ ബുക്‌സ് , കോടുങ്ങല്ലൂര്‍
പേജ് – 88 വില – 200

Related posts

Leave a Comment