മുടിമുറിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ചാണ് സർക്കാരിനെതിരെയുള്ള പ്രതിഷേധം പ്രകടമാക്കിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി, സ്റ്റാഫ് നഴ്‌സ്, സിവില്‍ പോലീസ് ഓഫീസര്‍ എന്നീ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ച് ലിസ്റ്റ് കാലാവധി നീട്ടിയതിനെതിരെ പി.എസ്.സി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.  മറ്റ് ലിസ്റ്റുകളില്‍ കൂടുതല്‍ നിയമനം നടക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഒഴിവുകള്‍ കുറവായ തങ്ങളുടെ ലിസ്റ്റില്‍ നിയമന കാലാവധി നീട്ടിയില്ലെങ്കില്‍ കഷ്ടപ്പെട്ട് പരീക്ഷെഴുതിയതും ലിസ്റ്റില്‍ ഉള്‍പ്പെട്ടതും വെറുതേയാകുമെന്നാണ് വനിത സിവില്‍ പോലീസ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
2020 ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച 2058 പേരുടെ ലിസ്റ്റില്‍ വെറും 597 പേര്‍ക്ക് മാത്രമാണ് അഡ്‌വൈസ് മെമോ ലഭിച്ചതെന്നും മുന്‍കാല ലിസ്റ്റുകളില്‍ 90 ശതമാനത്തോളം നിയമനം നടന്നിടത്ത് ഇത്തവണ 33 ശതമാനം പോലും നിയമനം നടന്നിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പും ലോക്ഡൗണും കാരണം നിയമനം നടന്നിട്ടില്ല.

Related posts

Leave a Comment