പി.എസ്.സി നിയമനങ്ങൾ; ഓർഡിനൻസ് പുറപ്പെടുവിക്കും

തിരുവനന്തപുരം: 2008ലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിലെ
നിയമനങ്ങള്‍ പി.എസ്.സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് തയ്യാറാക്കിയ കരട് ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. അര്‍ബൻ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതികള്‍ യോഗം അംഗീകരിച്ചു.
കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കരട് ഭേദഗതി  മന്ത്രിസഭ അംഗീകരിച്ചു. നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകള്‍ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാന്‍ ജില്ലാ, സംസ്ഥാന പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള  2021 ലെ കേരള വ്യവസായ ഏകജാലക ക്ലീയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാനും തീരുമാനിച്ചു. 
പാലക്കാട് ജില്ലയിലെ കരിയന്നൂരിലെയും സുശീലപടിയിലേയും റയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് സമര്‍പ്പിച്ച 40 കോടി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് പുതുക്കിയ ഭരണാനുമതിയും നല്‍കി.

Related posts

Leave a Comment