യുവതിയുടെ ജോലി തട്ടിയെടുത്തു; പി.എസ്.സി നിയമ നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിന് തെറ്റായ സത്യവാങ്മൂലം വച്ച് അപേക്ഷ സമര്‍പ്പിച്ചയാള്‍ക്കെതിരെയും അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുവാന്‍ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കൊല്ലം ജില്ലക്കാരിയായ ഉദ്യോഗാര്‍ത്ഥിയാണ് സമാനപേരും ഇനീഷ്യലും ജനനതീയതിയും ഉള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു ഉദ്യോഗാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ വച്ച് പരിത്യാഗത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അപേക്ഷ പരിശോധിച്ച പി.എസ്.സി കോട്ടയം ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.
റാങ്ക്‌ലിസ്റ്റില്‍ നിന്നും പരിത്യാഗം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ ആധികാരികവും വിശ്വസനീയവുമാക്കുവാന്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. നേരത്തെ ഒരു വെളളക്കടലാസില്‍ സ്വയം സത്യപ്രസ്താവന തയ്യാറാക്കി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെകൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. അവ കൂടുതല്‍ വിശ്വസനീയമാക്കാന്‍ വേണ്ടിയാണ് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടി പുതിയതായി ഏര്‍പ്പെടുത്തിയത്. റാങ്ക് ഹോള്‍ഡേഴ്‌സ് എന്ന പേരില്‍ ചിലരെങ്കിലും ഈ നടപടി ക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നത് അതീവഗൗരവുമുളള വിഷയമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിയെ നിയമന ശിപാര്‍ശ ചെയ്യുവാന്‍ കമ്മിഷന്‍ യോഗം തീരുമാനിച്ചു.

Related posts

Leave a Comment