പി.എസ്.സിയിലെ ധൂർത്തിനെതിരെ ശമ്പള കമ്മീഷൻ; അംഗങ്ങൾക്ക് യോഗ്യത വേണം, എണ്ണം കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷന്റെ ധൂർത്തിനെതിരെ പതിനൊന്നാം ശമ്പള കമ്മീഷന്റെ വിമർശനം. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ്, രാജ്യത്ത് കൂടുതൽ അംഗങ്ങളുള്ള പബ്ലിക് സർവീസ് കമ്മിഷനുകളിൽ ഒന്നാണ് കേരളത്തിലേതെന്നും സാമ്പത്തിക ധൂർത്ത് ഒഴിവാക്കാനായി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്മിഷൻ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ അനുഭവ പരിചയമുള്ളവരും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണമെന്നും നിർദേശമുണ്ട്.
ചെയർമാനെ കൂടാതെ 20 അംഗങ്ങളാണ് പിഎസ്‌സിയിലുള്ളത്. ചെയര്‍മാന് ഔദ്യോഗിക വസതിയും വാഹനവുമുണ്ട്. അംഗങ്ങൾക്കു വാഹനത്തിനു പെട്രോൾ അലവൻസ് അനുവദിച്ചിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ക്ഷാമബത്തയായി 1,17,733 രൂപയും വീട്ടുവാടക ബത്തയായി 10,000 രൂപയും കൺവേയൻസ് അലവൻസായി 5000 രൂപയും അടക്കം 2,09,183 രൂപ ലഭിക്കും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയായിരുന്നു. ക്ഷാമബത്ത 1,08,247 രൂപയും വീട്ടുവാടക ബത്ത 10,000 രൂപയും കൺവേയൻസ് അലവൻസ് 5000 രൂപയും അടക്കം 1,93,537 രൂപ ശമ്പളമായി ലഭിക്കും.
ശമ്പള പരിഷ്കരണം നടപ്പിലായതോടെ ഈ ശമ്പളത്തിലും വർധനയുണ്ടായി. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ അംഗങ്ങൾ കുറവാണ്. തമിഴ്നാട്ടിൽ ചെയർമാനെ കൂടാതെ 3 അംഗങ്ങളാണുള്ളത്. കർണാടകയിൽ ചെയർമാനും 13 അംഗങ്ങളും. ആന്ധ്രപ്രദേശില്‍ ചെയർമാനും 9 അംഗങ്ങളും. തെലങ്കാനയിൽ ചെയർമാനും 8 അംഗങ്ങളും. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം പത്തിൽ താഴെയാണ്.

Related posts

Leave a Comment