സഭയ്ക്കു പുറത്തേക്കും സമരം, യുഡിഎഫ് ഏറ്റെടുത്തു

തിരുവനന്തപുരംഃ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടത്തുന്ന പ്രക്ഷോഭം സഭയ്ക്കു പുറത്തേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നിയമസഭാ മാധ്യമ മുറിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍റെ ഒരു മന്ത്രിയെ വിചാരണ ചെയ്യണമെന്നാണു സുപ്രീം കോട‌തി‌യുടെ വിധി. ഈ വിധി നടപ്പാകുമ്പോള്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ സംസ്ഥാനത്തിന്‍റെ ഒരു മന്ത്രി കൈയും കെട്ടി നില്‍ക്കുന്നത് ഈ നാടിന് അപമാനമാണ്. എന്നിട്ടും മുഖ്യമന്ത്രി കോടതിയെ അവഹേളിക്കുകയും മന്ത്രിയെ ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്നലെ പതിന്നാല് ജില്ലാ കലക്റ്ററേറ്റുകള്‍ക്കു മുന്നിലും പ്രതിഷേധം നടത്തിയിരുന്നു. ഇനിയും സമരം കൂടുതല്‍ വ്യാപമാക്കും. കടുത്ത സമരത്തിനാണ് യുഡിഎഫ് തയാറെടുക്കുന്നത്. പുതിയ സമരത്തെക്കുറിച്ച് യുഡു​എഫ് കണ്‍വീനര്‍ വിശദമാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോടതിയില്‍ വെറും പരാമര്‍ശം മാത്രമാണുണ്ടായതെന്നും മന്ത്രിയെ കുറ്റക്കാരനായി കോടതി വിധിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, കേരളത്തില്‍ ഇതിനു മുന്‍പ് എത്രയോ മന്ത്രിമാര്‍ കോടതി പരാമര്‍ശത്തിന്‍റെ പേരില്‍ രാജി വച്ചിട്ടുണ്ട്. അവരാരും കുറ്റക്കാരാണെന്നു കോടതി വിധിച്ചിട്ടില്ല. രാജന്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ രാജി വച്ചത് അദ്ദേഹത്തെ കോടതി കുറ്റക്കാരനായി വിധിച്ചിട്ടാണോ എന്നു സതീശന്‍ ചോദിച്ചു. ആര്‍. ബാലകൃഷ്ണപിള്ള രണ്ടു തവണ രാജിവച്ചു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴായിരുന്നു ഒരു രാജി. എന്നാല്‍ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്‍റെ പേരിലുള്ള രാജി ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ മാത്രമായിരുന്നു.

ഇപ്പോഴത്തെ വിധിയുടെ സാഹചര്യമൊരുക്കിയ സംഭവത്തിനു ശേഷം മന്ത്രി കെ.എം. മാണി രാജിവച്ചത് അദ്ദേഹം കുറ്റക്കാരനായതുകൊണ്ടായിരുന്നില്ല, കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ ധാര്‍മികത ഉയര്‍ത്തിയായിരുന്നു രാജി.

മന്ത്രിമാരായിരുന്ന കെ.പി. വിശ്വനാഥന്‍, പി.വി. ഗംഗാധരന്‍, എന്‍. ശ്രീനിവാസന്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, തോമസ് ചാണ്ടി, പി.ജെ. ജോസഫ് തുടങ്ങിയ മന്ത്രിമാര്‍ രാജി വച്ചതും അവരെ കുറ്റക്കാരായി വിധിച്ചതു കൊണ്ടല്ല. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് അധികാരത്തില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുക എന്ന ക്രിമിനല്‍ കുറ്റമാണ് മന്ത്രി ശിവന്‍ കുട്ടി ചെയ്തത്. അതിനു വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധി വന്ന പാടേ അദ്ദേഹം രാജി വയ്ക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രാജി എഴുതി വാങ്ങാനുള്ള ധാര്‍മിക ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയും മന്ത്രിയെ ന്യായീകരിക്കുകയാണ്. ഇത് അംഗീകരിക്കില്ലെന്നും മന്ത്രി രാജി വയ്ക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Related posts

Leave a Comment