ആലുവ സിഐയെ സസ്പെൻഡ് ചെയ്യുന്നതു വരെ സമരം തുടരും, സിഐക്ക് ഉന്നത സിപിഎം ബന്ധം

ആലുവ: വിങ്ങുന്ന ഹൃദയവുമായി ആ അമ്മ സമരമുഖത്തെത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബെന്നി ബഹനാൻ എംപിയുടെയും റോജി എം ജോൺ എംഎൽഎയുടെയും നേതൃത്വത്തിൽ സമരം നടക്കുന്ന സ്ഥലത്ത്. ഇന്നലെ രാത്രി.” പൊലീസ് അവസരോചിതമായി ഇടപെട്ടിരുന്നെങ്കിൽ എന്റെ മകൾക്ക് ഈ ​ഗതി വരില്ലായിരുന്നു. കുറഞ്ഞപക്ഷം അവൾ ജീവനോടെയെങ്കിലും കാണുമായിരുന്നു. പൊലീസിൽ നിന്ന് അവൾക്കു നീതി ലഭിച്ചില്ല. മകൾക്കു നീതി കിട്ടുന്നതു വരെ ഈ സമരത്തിൽ ഉറച്ചു നിൽക്കും. ഞങ്ങളോടൊപ്പം നിൽക്കുന്ന നേതാക്കന്മാർക്കും പ്രവർത്തകർക്കും നന്ദി.” ആ അമ്മ പറഞ്ഞു.


ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ മാതാപിതാക്കൾ ഇന്നലെ രാത്രിയും സമരമുഖത്തുണ്ടായിരുന്നു. ”എന്റെ മോൾ കരളിന്റെ ഒരു ഭാഗമായിരുന്നു. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോൾക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്ക് സോൾവ് ചെയ്യാൻ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവൻകൂടി വേണ്ടെന്ന് വെച്ചിട്ടാകും. പക്ഷേ ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം”- പിതാവ് ദിൽഷാദ് പറഞ്ഞു.
മോഫിയയുടെ മരണത്തെ തുടർന്ന് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവർ അറസ്റ്റിലായി. ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.


സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറൽ എസ് പിക്ക് പരാതി നൽകി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വൻ തുക സ്ത്രിധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ പീഡനങ്ങൾ അതിരുവിട്ടപ്പോൾ മോഫിയയ്ക്കു മാനസിക രോ​ഗമാണെന്നു പറഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു.
പരാതിയുമായി വീണ്ടും ഈസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ സർക്കിൾ ഇൻസെപ്കറ്റർ സുധീർകുമാർ സുഹൈ‌ലിനു വേണ്ടിയാണ് സംസാരിച്ചത്. സ്ത്രീയെന്ന പരി​ഗണന പോലും നൽകിയില്ലെന്നു മരിക്കുന്നതിനു മുൻപ് മോഫിയ പറഞ്ഞു. സിപിഎമ്മിലെ പ്രാദേശിക നേതാവുമായാണ് സുഹൈൽ പൊലീസ് സ്റ്റേഷനിലെത്തിയത്. ചില ഉന്നത നേതാക്കളും ഇടപെട്ടതോടെയാണ് സിഐ മകൾക്കെതിരേ തിരിഞ്ഞതെന്നും ദിൽഷാദ് പറയുന്നു. സിഐക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു.

Related posts

Leave a Comment