രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തിവിട്ടു; പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ പ്രതിഷേധം ശക്തമായി. ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. പ്രതിഷേധ സ്ഥലത്തെത്തിയ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ ജനങ്ങളും ബസുടമകളും ചേര്‍ന്ന് ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിട്ടു.കഴിഞ്ഞ 28 ദിവസമായി ബസുകള്‍ പണിമുടക്കിലായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചത്. തൃശൂരില്‍ നിന്ന് പാലക്കാട്,ഗോവിന്ദപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം എന്നീ റൂട്ടുകളില്‍ ഓടുന്ന നൂറ്റിയമ്പതോളം സ്വകാര്യ ബസുകളാണ് പണിമുടക്കിയിരുന്നത്. ഭീമമായ ടോളാണ് ഈടാക്കുന്നതെന്ന് ബസ്സുടമകള്‍ പറയുന്നു. ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്. ഇത് വളരെ കൂടുതലാണെന്നും നിരക്കില്‍ ഇളവ് വേണമെന്നുമാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.സ്വകാര്യ ബസുകളില്‍ നിന്ന് അമിത ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍കുട്ടി, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായിട്ടും അത് അംഗീകരിക്കാന്‍ കരാര്‍കമ്പനി തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശീയ പാത അതോറിറ്റിയാണ് പന്നിയങ്കരയില്‍ ടോള്‍ പിരിക്കുന്നത്. കഴിഞ്ഞ ദിവസം എംഎൽഎ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. ടിപ്പര്‍ ലോറി ഉടമകളും പ്രതിഷേധത്തിലാണ്. ഒരു തവണ കടന്നുപോവുന്നതിന് ടിപ്പര്‍ ലോറികള്‍ 650 രൂപയാണ് നല്‍കേണ്ടത്. മാര്‍ച്ച് ഒമ്പതിനാണ് ടോള്‍ പിരിവ് ആരംഭിച്ചത്.

Related posts

Leave a Comment