കടകള്‍ തുറക്കുന്നതില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം -വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീന്‍. പെരുന്നാള്‍ പ്രമാണിച്ച്‌ കടകള്‍ തുറക്കാന്‍ അനുവദിക്കണം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ നേതൃത്വത്തിന്‍റെ അറിവോടെയല്ല ഇന്ന് കോഴിക്കോട്ട് വ്യാപാരികള്‍ പ്രതിഷേധിച്ചത്. സര്‍ക്കാറുമായുള്ള ചര്‍ച്ചയാണ് സംഘടനയുടെ വഴി. മന്ത്രി എം.വി ഗോവിന്ദന്‍റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌ വിങ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കട അടക്കാന്‍ അഞ്ചു മിനിറ്റ് വൈകിയാല്‍ പോലും പൊലീസ് പിഴ ഈടാക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു.

Related posts

Leave a Comment