കെ–റെയില്‍: ആലപ്പുഴയിൽ സ്ഥല പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു; സംഘര്‍ഷം

ആലപ്പുഴ: നൂറനാട് കെ–റെയില്‍ പദ്ധതിയുടെ സ്ഥല പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. റവന്യൂ ഉദ്യോഗസ്ഥരും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ) കമ്പനി ഉദ്യോഗസ്ഥരും ആലപ്പുഴ നൂറനാട് തടനിലത്തുള്ള ഏലിയാസ് നഗർ കിടങ്ങയം ഭാഗത്തും കരിങ്ങാലി പുഞ്ചയുടെ ഭാഗത്തും ആണ് സ്ഥല പരിശോധനയ്ക്കായി എത്തിയത്.

ഇവർ എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. നൂറനാട്, പാലമേൽ, പന്തളം മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പുഞ്ച ഓണാട്ടുകര ഭാഗത്തു കൂടിയാണ് പ്രധാനമായും കെ. റെയിൽ കടന്നു പോകുന്നത്. അലൈൻമെന്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Related posts

Leave a Comment