ശിവൻകുട്ടിക്കെതിരെ സഭയിൽ പ്രതിഷേധം തുടരുന്നു ; ‘ഗോ ബാക്ക്’ വിളികളോടെ പ്രതിപക്ഷം ബാനറുയർത്തി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും രാജിവെയ്ക്കാത്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ഇന്നലെയും നിയമസഭയിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. ‘ഗോ ബാക്ക്’ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞായിരുന്നു പ്രതിഷേധം. വിധി വന്നശേഷം ഇന്നലെയാണ് ശിവൻകുട്ടി ആദ്യമായി സഭയിലെത്തിയത്.
ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയാനായി എഴുന്നേറ്റപ്പോൾ പ്രതിപക്ഷാംഗങ്ങൾ ബഹളമുയർത്തി തടസപ്പെടുത്തി. ശിവൻകുട്ടിയോട് ചോദിക്കേണ്ട ചോദ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അതേസമയം, ഭരണപക്ഷാംഗങ്ങളുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകുമ്പോൾ ഇരിപ്പിടങ്ങളിലിരുന്ന് പ്ലക്കാർഡുകളും ബാനറുകളും പ്രതിപക്ഷം സഭയിലുയർത്തിക്കാട്ടി. വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
സഭയിൽ പ്ലക്കാർഡുകളും ബാനറുകളും പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ റൂളിങ് നൽകിയെങ്കിലും പ്ലക്കാർഡുകൾ പിൻവലിച്ചില്ല. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ മറ്റു മന്ത്രിമാരിൽ ആരെയും പ്രതിപക്ഷം തടസപ്പെടുത്തുകയോ ബഹളമുണ്ടാക്കുകയോ ചെയ്തില്ല.
നിയമസഭയ്ക്ക് പുറത്തും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിലെത്തി. നാളെ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം നടത്തും.

Related posts

Leave a Comment