പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായർ അന്തരിച്ചു

പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായർ (99) അന്തരിച്ചു. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതൽ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ.

ഗാന്ധിജിയുടെ വേർപാടിനു ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും അദ്ദേഹം കർമസമിതി അംഗമായി. കെ. കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായി പ്രവർത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്.

ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളിൽ ശ്രമദാന പ്രസ്ഥാനം കേരളത്തിൽ പരീക്ഷിച്ചു. സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി പ്രവർത്തിച്ചതും അദ്ദേഹമാണ്. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോൾ അടുത്തു നിന്നു കാണുകയും അദ്ദേഹത്തിന്റെ ആദർശങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്താണ് പി. ഗോപിനാഥൻ നായർ ഗാന്ധിമാർഗത്തിലെത്തിയത്.

Related posts

Leave a Comment